സ്റ്റുഡന്റ് പൊലീസിനെ വെറുതെ വിടുക, യൂണിഫോമില്‍ വിവാദം അരുത്

രാജ്യത്തിന് സാംസ്‌കാരിക കേരളം സംഭാവന ചെയ്ത ഒരു വമ്പന്‍ പദ്ധതിയാണ് സ്റ്റുഡന്റ് കേഡേറ്റ് പദ്ധതി.അതിപ്പോള്‍ കടല്‍ കടന്ന് വിവിധ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഏതു വിദ്യാര്‍ത്ഥിക്കും അവര്‍ ആഗ്രഹിച്ചാല്‍ ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം നിലവിലുണ്ട്. മറ്റൊന്നും തന്നെ ഇതിനു തടസ്സമാവുകയുമില്ല. ഈ പദ്ധതിയോട് മുഖം തിരിച്ചിരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മേധാവികളാണ് ഇന്ന് ഈ പദ്ധതി ലഭിക്കുവാന്‍ സെക്രട്ടറിയേറ്റിലും പൊലീസ് ആസ്ഥാനത്തും നിരന്തരം കയറി ഇറങ്ങുന്നത്. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു പറ്റം ചെയ്ഞ്ച് ലീഡേഴ്‌സിനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളിലൂടെ കേരള സര്‍ക്കാറും കേരള പൊലീസും സൃഷ്ടിക്കുന്നത്. ഈ പദ്ധതി പതിമൂന്നു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ഈ ഘട്ടത്തില്‍ സുപ്രധാനമായ ഒരു തീരുമാനം കൂടി കേരള സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുകയാണ്.

കേരളാ പൊലീസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ മതപരമായ വേഷം അനുവദിക്കില്ലെന്നതാണ് ആ ഉറച്ച തീരുമാനം. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമില്‍ അനുവദിക്കില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ സമൂഹമാകെ ആ തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്. സ്റ്റുഡന്റ് പൊലീസില്‍ ഒരിക്കലും മതപരമായ അടയാളങ്ങള്‍ പാടില്ല. അത് ഹിജാബ് ആയാലും മറ്റേത് മതവിഭാഗത്തിന്റെ അടയാളമായാലും ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഈ നിലപാട് ഒരിക്കലും ഒരു മതത്തിനും എതിരല്ലന്നതും നാം ഓര്‍ക്കണം. സ്റ്റുഡന്റ് പൊലീസ് പദ്ധതി നിര്‍ബന്ധിത സേവന പദ്ധതിയല്ല. താല്‍പര്യമുള്ളവര്‍ മാത്രം ചേരുന്നതാണ് ഉചിതം.

ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇനി എന്തു നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിരവധി മുസ്ലിം വിദ്യാര്‍ത്ഥികള്‍ എസ്.പി.സിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നുമാണ് കോടതിക്കു നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുറ്റിയാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഈ വിദ്യാര്‍ത്ഥിയോട് സ്റ്റുഡന്റ് കേഡറ്റ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ വാട്‌സാപ്പിലെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് അയക്കാന്‍ അധ്യാപകര്‍ മുന്‍പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷര്‍ട്ടും ധരിച്ച ചിത്രമാണ് വിദ്യാര്‍ത്ഥിനി അയച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും അനുവദിക്കാനാകില്ലെന്നും അധികൃതര്‍ നിലപാട് സ്വീകരിച്ചു. നിഷ്‌കര്‍ഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും വിദ്യാര്‍ത്ഥിയോട് അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. ഇതിനെതിരെ കുട്ടിയും രക്ഷിതാക്കളും സ്വീകരിച്ചതാകട്ടെ തീര്‍ത്തും വ്യത്യസ്തമായ നിലപാടായിരുന്നു. തുടര്‍ന്നാണ് വിദാര്‍ത്ഥി തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും മതപരമായ വസ്ത്രം താന്‍ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താന്‍ ഹനിക്കുന്നില്ലെന്നും ആ വിദ്യര്‍ത്ഥിനി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കുട്ടികളില്‍ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളര്‍ത്താനായി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ എന്തിനേക്കാളും പ്രാധാന്യം രാജ്യത്തിനാണെന്നും ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഐ.പി.എസ് ഉദ്യോഗസ്ഥരും ആഭ്യന്തരവകുപ്പും നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതില്‍ അവര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. കേരളാ പൊലീസില്‍ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയവുമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റും നിലവില്‍ പിന്തുടരുന്നത്. എന്‍സിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയില്‍ ഒരേ യൂണിഫോമാണുള്ളത്. ഇവയിലൊന്നും തന്നെ മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കാറില്ല.

കാക്കി പാന്റ്, കാക്കി ഷര്‍ട്ട്, കറുത്ത ഷൂ, കാക്കി സോക്‌സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി . . . എന്നിങ്ങനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. മാത്രമല്ല പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതല്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. അവിടെ ഇതുവരെ മതപരമായ ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുമില്ല. നിലവില്‍ എസ്പിസിയില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതില്‍ 50 ശതമാനം പേരും പെണ്‍കുട്ടികളാണ് എന്നതും ശ്രദ്ധേയമാണ്. ഇതില്‍ മതം വേര്‍തിരിച്ച് എത്ര പെണ്‍കുട്ടികളുണ്ട് എന്നതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിലും വ്യക്തമായ കണക്കുകളില്ല.

എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെണ്‍കുട്ടികള്‍ മുസ്ലിം സമുദായത്തില്‍ നിന്നാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ അതിലൊരാള്‍ പോലും മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യവും ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്നും സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരമില്ലാതെ വരികയാണെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയിലെ വാദത്തെയും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

എസ്പിസി എന്നത് ഒരു നിര്‍ബന്ധിതസേവനം അല്ലെന്നും തീര്‍ത്തും വൊളന്ററിയായി മാത്രം കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സര്‍വീസാണെന്നതുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ മത, ജാതി, വംശ, ലിംഗ ഭേദമന്യേ, ഒരുമയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധമായ ഹൈക്കോടതി വിധി സംസ്ഥാന പൊലീസിനെ സംബന്ധിച്ചും ഇനി നിര്‍ണ്ണായകമാകും.

EXPRESS KERALA VIEW

Top