ദില്ലി: ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് മുന്നോടിയായി വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മിലെ വാക്കുതർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു.
വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും ഡോക്യുമെന്ററിയെ കുറിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്. 2019ൽ മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന ശേഷമുള്ള സംഭവങ്ങളാണ് ഈ ഭാഗത്ത് ചർച്ച ചെയ്യുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും, പൗരത്വ ഭേദഗതി പ്രതിഷേധങ്ങളും, ദില്ലിയിലുണ്ടായ കലാപവും, രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് എസ്എഫ്ഐ തുടരുകയാണ്.