തിരുവനന്തപുരം: ഗുരുതര ആരോപണത്തില്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമനം ലഭിച്ചത് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍ മൂലം ?
അധികാരമേറ്റ ഉടനെ പൊലീസില്‍ നടത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയെ ‘നമ്പിയതാണ്’ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥല മാറ്റത്തില്‍ മുഖ്യമന്ത്രിക്ക് പറ്റിയ പിഴവെന്നാണ് പുറത്ത് വരുന്ന വിവരം.
കോപ്പിയടിക്ക് പിടിക്കപ്പെട്ട ഐജി ടി ജെ ജോസ്, ഗുരുതര കുറ്റത്തിന് സസ്‌പെന്‍ഷനിലാവുകയും വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന ഐജി ശ്രീജിത്ത്, തൃശ്ശൂര്‍ ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിയെ സഹായിച്ചുവെന്ന കുറ്റത്തിനും മേലുദ്യോഗസ്ഥന്റെ ടെലിഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടും സസ്‌പെന്‍ഷനിലായിരുന്ന മുന്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്, കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ നല്‍കിയ പദവി മുഖ്യമന്ത്രിയുടെ ഏതെങ്കിലും തരത്തിലുള്ള താല്‍പര്യപ്രകാരമല്ലെന്നാണ് ലഭിക്കുന്ന സൂചന.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാര്‍ തെറിച്ചത് തന്നെ ചില ‘ബാഹ്യ’ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ മേല്‍ വന്നത് കൊണ്ടാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന നിലപാട് മുഖ്യമന്ത്രിക്കുള്ളതിനാല്‍ മാത്രമാണ് ഇപ്പോള്‍ അടിയന്തരമായി പുന:പരിശോധന ഇക്കാര്യത്തിലുണ്ടാവാതിരിക്കുന്നതെന്നാണ് സൂചന.
സെന്‍കുമാറിന്റെ കാര്യത്തില്‍ അദ്ദേഹം സിഎടിയെ സമീപിക്കുന്ന സാഹചര്യമുണ്ടായതിനാല്‍ ഇനി വിട്ട് വീഴ്ചയുടെ പ്രശ്‌നമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പക്ഷേ സിഎടിയില്‍ നിന്ന് സര്‍ക്കാരിന് എതിരായ വിധിയുണ്ടായാല്‍ ‘ഉപദേശികള്‍’ മറുപടി പറയേണ്ട സാഹചര്യമുണ്ടാകും.
ഐജിമാരായ ടി ജെ ജോസിനെ പൊലീസ് ആസ്ഥാനത്തേക്കും ജേക്കബ് തോമസിനെ വനിതാ സെല്ലിന്റെ ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയിരുന്നത്. എസ് ശ്രീജിത്തിനെ എറണാകുളം റേഞ്ച് ഐജിയായാണ് നിയമിച്ചിരുന്നത്. എസ്പി രാഹുല്‍ ആര്‍ നായര്‍ക്ക് പൊലീസ് ആസ്ഥാനത്ത് എഐജി (1) ആയാണ് നിയമനം ലഭിച്ചത്.
പൊതുസമൂഹത്തിനിടയിലും പൊലീസിനുള്ളില്‍ തന്നെയും സര്‍ക്കാരിന് അവമ്മതിപ്പ് ഉണ്ടാക്കിയ ഈ തീരുമാനത്തില്‍ പ്രമുഖ സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഐജിമാരുടെ ‘കുറവിന’് പരിഹാരമാകുമ്പോള്‍ ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമുണ്ടാകുമെന്നാണ് മുതിര്‍ന്ന സിപിഎം നേതാക്കളുടെ പ്രതികരണം
ജില്ലകളില്‍ എസ്പിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടും സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി തയ്യാറാക്കുന്ന ലിസ്റ്റ്പ്രകാരം സ്ഥലംമാറ്റം നടത്തിയതിലാണ് അതൃപ്തി.
സര്‍ക്കാരിന്റെ തുടക്കമായതിനാലാണ് ഈ പിഴവെന്നും ഇനി ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നുമാണ് മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ പറയുന്നത്.
പൊലീസ് ഉന്നതതല നിയമനങ്ങളില്‍ പറ്റിയ ഈ ‘പാളിച്ച’ യാണ് അധികാരമേറ്റെടുത്ത് 49 ദിവസമായിട്ടും ഡിവൈഎസ്പിമാരുടെ ലിസ്റ്റ് ഇറങ്ങാന്‍ വൈകുന്നതിന് കാരണം.
കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭരിതമാവുകയും രാഷ്ട്രീയ സാഹചര്യം വെല്ലുവിളിയായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഐഎഎസുകാര്‍ നല്‍കുന്ന ലിസ്റ്റല്ല മറിച്ച് സിപിഎം സംസ്ഥാന സെന്റര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനം നടത്തുക എന്നാണ് അറിയുന്നത്.
അടുത്തയിടെ ഇറങ്ങിയ സിഐമാരുടെ സ്ഥലം മാറ്റത്തില്‍ പോലും പല സിപിഎം ജില്ലാ കമ്മറ്റികളും നല്‍കിയ ലിസ്റ്റ്പ്രകാരമായിരുന്നില്ല നിയമനം നടന്നിരുന്നത്. സിപിഎം അനുകൂല സംഘടനാ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടിരുന്നില്ല.
യുഡിഎഫ് നേതാക്കളുടെ ശുപാര്‍ശയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ സര്‍ക്കിളുകളില്‍ ഇരുന്നവര്‍ക്ക് ഇപ്പോള്‍ നടന്ന സ്ഥലം മാറ്റത്തില്‍ കൂടുതല്‍ മികച്ച ഇടങ്ങളിലാണ് ക്രമസമാധാന ചുമതലയില്‍ നിയമനം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപപം കൂടി ഉള്ളതിനാല്‍ ഡിവൈഎസ്പി നിയമനങ്ങളില്‍ സിപിഎം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.