പെണ്‍കുട്ടിയെ രാത്രി പെരുവഴിയിലാക്കി യാത്ര തുടര്‍ന്നു; കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തില്‍

ബംഗളൂരു: യാത്രക്കാരെ മര്‍ദിച്ചതിന്റെ വിവാദം കെട്ടടങ്ങും മുന്നേ വീണ്ടും പുലിവാല് പിടിച്ച് കല്ലട ട്രാവല്‍സ്. രാത്രിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയ സ്ഥലത്ത്‌നിന്ന് 23കാരിയെ ബസില്‍ കയറ്റാതെ ബസ് യാത്ര തുടര്‍ന്നെന്നാണ് പുതിയ പരാതി.

ബസ് വിട്ട ഉടനെ പെണ്‍കുട്ടി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ കണ്ടതായി ഭാവിച്ചില്ലെന്നും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ നിര്‍ത്തിയില്ലെന്നുമാണ് ആരോപണം. ഒടുവില്‍ യുവതിയെ സഹായിച്ച് മറ്റൊരു വാഹനം ബസിന് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെണ്‍കുട്ടി ബസില്‍ കയറിയത്.

തിരുവനന്തപുരത്ത് നിന്നും ബംഗലൂരുവിലേക്ക് യാത്ര തിരിച്ച പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ഇവര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. കഴക്കൂട്ടത്ത് നിന്നും വൈകിട്ട് 6.45ന് കയറി. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ 10.30 ബസ് നിര്‍ത്തി. പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് അവസാനിക്കും മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ബസ് എടുക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. പെണ്‍കുട്ടിയെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Top