സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പരാതിക്കാരിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തി ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥാനത്തു നിന്ന് നീക്കണമന്ന് സിപിഐ നേതാവ് ആനി രാജ. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ ജഡ്ജിക്ക് അർഹത ഇല്ല. സ്ത്രീകളെ കണ്ടാൽ പ്രകോപനം ഉണ്ടാകുന്ന മനസാണ് ജഡ്ജിയുടേത്. ജഡ്ജി സ്ത്രീ സമൂഹത്തിനു ഭീഷണിയാണെന്നും ആനി രാജ പറഞ്ഞു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശർമ ട്വീറ്റിൽ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തൽ നിർഭാഗ്യകരമെന്നും വനിതാ കമ്മീഷൻ തുറന്നടിച്ചു.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും പറഞ്ഞിരുന്നു. അതിജീവിതയെ സ്വഭാവഹത്യ നടത്തും വിധമുള്ള പരാമർശങ്ങൾ കോടതി ഉത്തരവിൽ ഇടംപിടിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.
ലാഘവബുദ്ധിയോടെ ജാമ്യം അനുവദിച്ച നടപടിക്ക് എതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകണം. ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധിക്കണമന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.