വിവാദ ഉത്തരവ് പിന്‍വലിച്ചെങ്കിലും മാറ്റമില്ലാതെ പട്ടയ ഭൂമിയിലെ മരംമുറി ചട്ട ഭേദഗതി

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് പിന്‍വലിച്ചെങ്കിലും പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്ന ചട്ടം നിലനില്‍ക്കുന്നു. 2017 ഓഗസ്റ്റ് 17 ലെ ചട്ടമാണ് വിവാദ ഉത്തരവിന് തുണയായത്.

ഭൂമിയിലും വന്മരങ്ങളിലും കണ്ണുള്ളവര്‍ കയ്യടക്കുന്നതിന് തടയിടാനാണ് ഭൂ നിയമം വന്നത്. നിയമത്തിന്‍ കീഴില്‍ 1964ലെ ഭൂപതിവ് ചട്ടവും വന്നു. പതിച്ചു നല്‍കുന്ന ഭൂമിയായാലും ചട്ടപ്രകാരം ചന്ദനം, തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ വൃക്ഷങ്ങള്‍ ഉടമസ്ഥര്‍ക്ക് മുറിച്ചു വില്‍ക്കാനാവില്ല .ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.

2005ല്‍ പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ആക്ട് നിയമസഭ പാസാക്കി. വനമല്ലാത്ത സ്ഥലത്തെ വൃക്ഷങ്ങള്‍ മുറിക്കാന്‍ സ്ഥല ഉടമകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു ഈ നിയമം. മറ്റു നിയമങ്ങളിലെ തടസങ്ങളെല്ലാം ഈ നിയമം റദ്ദു ചെയ്തു. നിക്ഷിപ്ത മരങ്ങള്‍ മുറിക്കാനാവില്ലെന്ന നിലപാടിലായിരുന്നു വനം വകുപ്പ്.

മരം മുറിക്കാന്‍ കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ശക്തമാക്കിയതോടെ 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. 64ലെ ഭൂപതിവു ചട്ടത്തില്‍ ഭേദഗതി വേണമെന്നായിരുന്നു ആവശ്യം. 2017 ഓഗസ്റ്റില്‍ ചട്ട ഭേദഗതി കൊണ്ടുവന്നെങ്കിലും അവ്യക്തത നീങ്ങിയില്ല. ഈ ഭേദഗതിയുടെ ചുവടുപിടിച്ചാണ് 2020 മാര്‍ച്ച് 11 ന് മരംമുറി സര്‍ക്കുലര്‍ അന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. വി വേണു പുറപ്പെടുവിച്ചത്.

ആശയക്കുഴപ്പം അപ്പോഴും തുടര്‍ന്നു. 2020 ഒക്ടോബര്‍ 24 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് മരം മുറിക്കാന്‍ അനുമതി ഉത്തരവായി പുറത്തിറക്കി. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപമായിക്കണ്ട് നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.

ഈ ഉത്തരവ് മൂന്നു മാസം കഴിഞ്ഞ് പിന്‍വലിച്ചെങ്കിലും ഉത്തരവിനാധാരമായ ചട്ട ഭേദഗതി നിലനില്‍ക്കുകയാണ്. ഉത്തരവിന്റെ മറവിലാണ് മര മാഫിയ നിക്ഷിപ്ത മരങ്ങളും അരിഞ്ഞെടുത്ത് കോടികള്‍ കൊയ്യാന്‍ ശ്രമിച്ചത്.

 

Top