തിരുവനന്തപുരം: പെയിന്റ് വിവാദം പുതിയ വഴിത്തിരിവിലേക്ക് . .
സിപിഎമ്മിന്റെ ഉന്നതനായ നേതാവിന്റെ മകനാണ് വിവാദ പെയിന്റ് കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസി എന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദുബായില്‍ കമ്പനിയുടെ ഉപമേധാവിയും ഈ യുവാവാണെന്ന് വാര്‍ത്തയില്‍ പറയുന്നു.
ഈ മാസം 20ന് വിജിലന്‍സ് കോടതി ബഹ്‌റക്കെതിരായ പരാതി പരിഗണിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ:
തിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്തിരിക്കെ പൊലീസ് സ്റ്റേഷനുകളില്‍ പെയിന്റ് അടിക്കാന്‍ പെയിന്റ് കമ്പനിയുടെ പേരും ചേര്‍ത്ത് അസാധാരണ ഉത്തരവിറക്കിയ ബെഹ്‌റ അഴിയാക്കുരുക്കിലാവാന്‍ എല്ലാ സാദ്ധ്യതയും തെളിഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഓഫീസുകളിലും ന്യൂസിലാന്‍ഡ് കമ്പനിയുടെ ഒരേ പെയിന്റടിക്കാനുള്ള ഉത്തരവാണ് ഇറക്കിയത്. ഉന്നത സി.പി.എം നേതാവിന്റെ മകനാണ് പെയിന്റ് കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസി. ദുബായില്‍ കമ്പനിയുടെ ഉപമേധാവിയും ഈ യുവാവാണ്. 26ന് ബെഹ്‌റയുടെ ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ 1.75 കോടി രൂപ അഡ്വാന്‍സ് തുകയായി മാറിയെടുത്തതായും വിവരമുണ്ട്. പെയിന്റ് വാങ്ങലിനുള്ള എസ്റ്രിമേറ്റ്, ടെന്‍ഡര്‍, കരാര്‍ എന്നിവയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്റ്റോര്‍ പര്‍ച്ചേസ് നിയമപ്രകാരം ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള പര്‍ച്ചേസുകളേ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് സ്വമേധയാ നടത്താനാവൂ എന്നിരിക്കേയാണ് അഞ്ചരക്കോടിയുടെ പെയിന്റു വാങ്ങലിന് ഉത്തരവിറങ്ങിയത്. കോര്‍പറേഷന്‍ എം.ഡി, ഐ.ജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ മറികടന്ന് ഡി.ജി.പിയായിരിക്കേ ലോക്‌നാഥ് ബെഹ്‌റ ചട്ടവിരുദ്ധമായ ഉത്തരവിറക്കുകയായിരുന്നു.
525 പൊലീസ് സ്‌റ്രേഷനുകള്‍, 203 ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍, 57 ഡിവൈ.എസ്.പി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക കമ്പനിയുടെ ഒലിവ് ബ്രൗണ്‍ നിറത്തിലെ പെയിന്റടിക്കാനായിരുന്നു നിര്‍ദ്ദേശം. ഒരിടത്ത് ഒരു ലക്ഷം വീതം ചെലവിട്ടാലും 5.25 കോടിയാണ് പെയിന്റടിക്ക് വേണ്ടത്. 45 സ്റ്റേഷനുകളില്‍ ഇതുവരെ പെയിന്റിംഗ് നടത്തിക്കഴിഞ്ഞു. പെയിന്റിംഗിലെ അഴിമതി അന്വേഷിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചറ ഡി.ജി.പി ടി.പി. സെന്‍കുമാറിന് പരാതി നല്‍കി. തലസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി പരിശോധിക്കാന്‍ മറ്റൊരു ഐ.ജിയുമെത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയത്. 26നാണ് പെയിന്റു വാങ്ങാന്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ കോര്‍പറേഷന്‍ എം.ഡിയുടെ അധികചുമതലയോടെ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐ.ജിയാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനുകള്‍ക്ക് ഒരേനിറത്തിലെ പെയിന്റടിക്കുന്നതെന്നാണ് ബെഹ്‌റയുടെ വാദമെങ്കിലും ഇന്നലെ കോടതി ആവശ്യപ്പെട്ടിട്ടും ഇത്തരമൊരു നിര്‍ദ്ദേശം ഹാജരാക്കാന്‍ വിജിലന്‍സ് നിയമോപദേശകന്‍ സി.സി. അഗസ്റ്റിന് കഴിഞ്ഞില്ല.