ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അന്വേഷണം നടത്താവൂവെന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
വസുന്ധര രാജെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് ഖട്ടാരിയ ആണ് ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്.
ഓര്‍ഡിനന്‍സിനെ രണ്ട് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്ത് പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
ഓര്‍ഡിനന്‍സ് അവതരിപ്പിച്ച ശേഷം ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണ് ഓര്‍ഡിനന്‍സ് എന്നും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത് നീതിയുക്തമായ നിയമനടപടികള്‍ക്കെതിരാണെന്നും തുല്യനീതിക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സെപ്റ്റംബര്‍ ഏഴിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ കുറ്റാരോപിതനെതിരെ വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെയും വിലക്കുന്നുണ്ട്.
ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്
1. ന്യായാധിപര്‍ (നിലവിലുള്ളവരും വിരമിച്ചവരും), ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള സ്വകാര്യ അന്യായങ്ങളില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെയോ അധികാരികളുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം.
2. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടയില്‍ ഉയരുന്ന അഴിമതിയാരോപണങ്ങള്‍ക്കാണ് ഇത് ബാധകം.
3. അനുമതിക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. തീരുമാനമുണ്ടായില്ലെങ്കില്‍, അനുമതി ലഭിച്ചതായി കരുതി മുന്നോട്ടുപോകാം.
4.ഈ കേസുകളില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ നടപടിയെടുക്കും.
5. അന്വേഷണത്തിന് അനുമതി ലഭിക്കുന്നതുവരെ ആരോപണവിധേയന്റെ പേര്, വിലാസം, കുടുംബവിവരങ്ങള്‍, ഫോട്ടോ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ നടപടി. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.