വിവാദ പരാമര്‍ശം; കൊടിക്കുന്നിലിനെ തള്ളി വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശന്‍ പറഞ്ഞു.

എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലാണ് കൊടിക്കുന്നില്‍ വിവാദ പരമാര്‍ശം നടത്തിയത്. പട്ടികജാതിക്കാരോട് മുഖ്യമന്ത്രി കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭരൂപീകരണത്തിലും ഇത് വ്യക്തമായിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയതാണ് നവോത്ഥാനമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്. മുഖ്യമന്ത്രി നവോത്ഥാന നായകന്‍ ചമയുകയാണ്. അദ്ദേഹം നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നു. കൊള്ളാവുന്ന ധാരാളം പട്ടികജാതി ചെറുപ്പക്കാര്‍ ഉള്ള പാര്‍ട്ടിയാണ് സിപിഎം – ഇതായിരുന്നു കൊടിക്കുന്നിലിന്റെ വാക്കുകള്‍.

 

Top