മുംബൈ: അന്തരിച്ച ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടനും സിനിമാനിരൂപകനുമായ കമാല്‍ ആര്‍.ഖാന്‍ അറസ്റ്റില്‍. വിമാനത്താവളത്തിൽ വച്ച് മലാഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കെ.ആര്‍.കെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
യുവസേന അംഗം രാഹുൽ കനാൽ ആണ് ഖാനെതിരെ മലാഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇർഫാനും ഋഷി കപൂറിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ 2020ൽ കെ.ആര്‍.കെയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഋഷി കപൂറും ഇര്‍ഫാനും ചികിത്സയിലായിരിക്കുന്ന സമയത്താണ് കെ.ആര്‍.കെ അധിക്ഷേപകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തത്.
ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. നടനെ ഇന്ന് രാത്രി 11 മണിക്ക് ബോറിവലി കോടതിയിൽ ഹാജരാക്കും. “എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമാൽ ആർ. ഖാനെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ പൊലീസിന്റെ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ അത്തരക്കാർക്കെതിരെ ശക്തമായ സന്ദേശമാണ് മുംബൈ പൊലീസ് നൽകിയത്” രാഹുൽ കനാൽ ട്വീറ്റ് ചെയ്തു. ഒപ്പം പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.