വനിത കമ്മീഷന്‍ അധ്യക്ഷയുടെ വിവാദ പരാമര്‍ശം; സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. ജോസഫൈന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. ജോസഫൈന്റെ വിശദീകരണം തേടിയ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് പാര്‍ട്ടി കടക്കുക.

സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കുമെന്ന വാഗ്ദാനമാണ് ഇടത് മുന്നണി നല്‍കാറുള്ളത്.അങ്ങനെയൊരു സര്‍ക്കാരിന്റെ കാലത്ത് മാനസിക പീഡനം നേരിട്ട ഒരു സത്രീയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന വനിത നേതാവുമായി എം.സി ജോസഫൈന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതിനോട് യോജിക്കാന്‍ കഴിയിലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

വിഷയത്തില്‍ ജോസഫൈന്‍ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയാകുമ്പോള്‍, തത്സമയ ചര്‍ച്ചയില്‍ ജോസഫൈന്‍ പങ്കെടുത്തതിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിര്‍ണ്ണായകം.

Top