controversial-speech-move to mm-mani’s resignation

ന്യൂഡല്‍ഹി: മന്ത്രി എംഎം മണിക്കെതിരായ കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിന്‍മേല്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടും. ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചില്ലങ്കില്‍ രാജി അനിവാര്യമാകുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന.

കൊലക്കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രി വിചാരണ നേരിടേണ്ട സാഹചര്യം തെറ്റായ സന്ദേശം നല്‍കുമെന്നും അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെതന്നെ ബാധിക്കുമെന്നുമുള്ള അഭിപ്രായമാണ് നേതാക്കള്‍ക്കിടയിലുള്ളത്.

നിലവിലെ സാഹചര്യം പിണറായി തലസ്ഥാനത്തെത്തിയാല്‍ ഉടന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന വിശദീകരണം.

മണിയെ മന്ത്രിയാക്കുന്ന ഘട്ടത്തില്‍ തന്നെ ‘അത് ശരിയാവുമോ’ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെയും തീരുമാനത്തിന് വിടുകയായിരുന്നു.

വണ്‍…ടൂ…ത്രി..ഫോര്‍.. എന്ന് പറഞ്ഞ് അഞ്ചേരി ബേബി അടക്കമുള്ളവരെ കൊലപ്പെടുത്തിയതായ വിവരം വിവാദ പ്രസംഗത്തിലൂടെയാണ് മണി പുറത്ത് വിട്ടിരുന്നത്.

ബിബിസി അടക്കം വാര്‍ത്തയാക്കിയ ഈ സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായിരുന്ന മണി പിന്നീട് പുറത്തിറങ്ങിയ ശേഷം വിടുതല്‍ ഹര്‍ജിയുമായി തൊടുപുഴ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. അവിടന്നാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഈ കേസ് വിട്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു മണിയെ പിണറായി മന്ത്രിസഭ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആറ് മാസം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ രണ്ട് മന്ത്രിമാരുടെ വിക്കറ്റ് തെറിക്കുന്ന സാഹചര്യം ഏതായാലും ഇടത് പക്ഷത്തെ സംബന്ധിച്ച് നാണക്കേട് ഉണ്ടാക്കുന്നതാണ്. അവസരം മുതലെടുത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ ബിജെപിയും രംഗത്തിറങ്ങിയിട്ടുണ്ട്.

ബന്ധുനിയമനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് കൊടതി ഉത്തരവിട്ടതില്‍ പ്രതിരോധത്തിലായ യുഡിഎഫ് നേതൃത്വം മണിയുടെ രാജിയില്‍ കയറിപ്പിടിച്ച് പ്രതിരോധിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

മണിയുടെ രാജി ആവശ്യപ്പെട്ട് ആദ്യം തന്നെ രംഗത്ത് വന്നത് കോണ്‍ഗ്രസ്സ് നേതാവ് പി.ടി തോമസ് എം.എല്‍ എയാണ്.

വ്യാവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്‍ ബന്ധുനിയമനത്തില്‍ തട്ടി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു മണിയുടെ സ്ഥാനാരോഹണം.

വിജിലന്‍സ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇ.പി ജയരാജന്‍ രാജിവച്ച സാഹചര്യത്തില്‍ കൊല കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് വിചാരണ നേരിടുന്ന മണി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്ന് ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.

സിപിഎം നേതൃത്വത്തിലും ഇതേ നിലപാട് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷിയായ സിപിഐയും മണി രാജിവയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന.

ഹൈക്കോടതിയില്‍ മണി അപ്പീല്‍ നല്‍കിയതിന് ശേഷം വിധി വരുന്നതുവരെ കാത്തിരിക്കണോ അതോ അതിന് മുന്‍പ് തന്നെ രാജി വയ്പ്പിക്കണോ എന്ന കാര്യത്തില്‍ നിയമ കേന്ദ്രങ്ങളുമായും സിപിഎം നേതൃത്വം ആശയവിനിമയം തുടങ്ങിയിട്ടുണ്ട്.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയിരിക്കെ എം.എം.മണി ചിന്നക്കനാല്‍ വേണാട് താവളത്ത് 2012 മേയ് 23നു നടത്തിയ വിവാദ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
”ചുവന്ന കൊടി പിടിക്കുന്നതു കൊണ്ടും എല്‍ഡിഎഫില്‍ ആയതിനാലുമാണ് സിപിഐയെ അടിക്കാത്തത്. സിപിഎമ്മുകാര്‍ അടി തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെയുണ്ടാകില്ല. ചിന്നക്കനാല്‍ മേഖലയില്‍ എഐടിയുസി നമ്മളെ അംഗീകരിക്കുന്നില്ല. സിപിഐ സിപിഎമ്മിനെ ഉപദ്രവിക്കുകയാണ്. എല്‍ഡിഎഫ് ആയതു കൊണ്ടാണ് തിരിച്ചടിക്കാത്തത്. അടിക്കണമെന്നു തീരുമാനിച്ചാല്‍ തിരിച്ചടിക്കും. തല്ലിനു തല്ലും പലിശയും കൊടുക്കണം. അടി നമ്മള്‍ ഒഴിവാക്കിയിട്ടില്ല. ശേഷിയുള്ളിടത്ത് അടിക്കും. ഇല്ലാത്തിടത്ത് സമാധാനം. അടിച്ചാല്‍ അടിച്ചെന്നു പറയും.

ചന്ദ്രശേഖരനെ ആരോ ഗൂഢാലോചന നടത്തി കൊന്നു. ഇപ്പോ നമ്മുടെ തലേ കെട്ടിവയ്ക്കാന്‍ നോക്കുവാ… ലോക്കല്‍ കമ്മിറ്റിക്കാരെ ഒക്കെ പിടിച്ചുകൊണ്ട് പോയി…. കളള സാക്ഷി ഉണ്ടാക്കി… പൊലീസല്ലേ, നല്ല തല്ലും വച്ച് കൊടുത്ത് ഒരു കഥയുണ്ടാക്കി ഉമ്മന്‍ ചാണ്ടി… കഥ, ഉമ്മന്‍ ചാണ്ടി. സംവിധാനം രമേശ് ചെന്നിത്തല.

ആ നിലയിലാണ് കാര്യങ്ങള്‍. അതില്‍ നമ്മുടെ കാര്‍ന്നോരും ചെറിയ പങ്ക് വഹിച്ചു. വിഎസ് കാര്‍ന്നോര് ! പുള്ളി അവിടെ ചെല്ലുന്നു… ഹോ..! ഹ… പിന്നെ ഇങ്ങ് ഇറങ്ങി വന്നപ്പോ ഒരു പ്രസംഗം… ഉത്തമനായ കമ്യൂണിസ്റ്റ്…. ഏതാ… ചെറ്റത്തരം കാണിക്കുന്നവനാ കമ്യുണിസ്റ്റ്…. ഹ… ധീരനായ കമ്യൂണിസ്റ്റാണെന്നും പറഞ്ഞ് പുളളീടെ ഒരു വക… എങ്ങനെയാ ശരികുന്നേ… അതാണ് പ്രശ്‌നം…. കെ. എം മാണിയാണേ ഇത് തെരു തെരെ പറഞ്ഞുകൊണ്ടിരിക്കുവാ… ആര്യാടന്‍ മുഹമ്മദ് എന്ന് പറയുന്ന വേറൊരുത്തനുണ്ട്… പുളളീടെ ഒരു ഗുണം, കണ്ടാല്‍ നല്ല …. പോലെ ഇരിക്കും. മോന്ത കണ്ടാല്‍ നല്ല …. പോലെ (ആര്യാടന്‍ മുഹമ്മദിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകള്‍) … പുളളി പറയുന്നു അച്യുതാനന്ദന്‍ ധീരനായ പോരാളിയാ, രാജിവച്ച് പോരു എന്ന്. പ്രിയപ്പെട്ട സഖാക്കളെ, എന്താ അച്യുതാനന്ദന്‍ സഖാവ് പറയേണ്ടത്…. ‘പോടാ എമ്പോക്കി’, എന്ന്. അത് പുളളി പറയില്ല. പുളളി അങ്ങനെ ഇരിക്കുവാ.

കുടിക്കുന്ന വെള്ളത്തില്‍ മോശത്തരം കാണിക്കുകയാണ് വിഎസ്. ചന്ദ്രശേഖരനെ ആക്രമിച്ചത് സിപിഎം അല്ല. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്നാണ് വിഎസ് പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നു പാര്‍ട്ടിയെ തകര്‍ക്കാനാണ് ചന്ദ്രശേഖരന്‍ ശ്രമിച്ചത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍. അതു കൊണ്ടാണ് പിണറായി വിജയന്‍ ചന്ദ്രശേഖരനെയും കൂട്ടരെയും കൂലംകുത്തികളെന്നു വിളിച്ചത്.
(പ്രസംഗം സിപിഐയ്ക്കും പോഷകസംഘടനയായ എഐടിയുസിക്കും എതിരെ തിരിയുന്നു)
‘അല്ലെങ്കില്‍, ഞങ്ങളെ അടിച്ചെന്നാ ഇവിടെ എങ്ങുംനിക്കില്ല… ഞങ്ങളെ അടിച്ചാല്‍ എവിടെയും കയറി അടിക്കാനുളള ഫോഴ്‌സ് ഞങ്ങള്‍ക്കുണ്ട്. ബൈസന്‍ബാലി പഞ്ചായത്തില്‍ നിങ്ങള്‍ കയറിയാലുണ്ടല്ലോ, നിങ്ങള്‍ ഇവിടെനിന്ന് പോകും. തൊഴിലാളികള്‍ ആരെങ്കിലും കയറി മറ്റേപ്പണി ചെയ്താല്‍ അത്യാവശ്യം കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. സൂചി പൊന്നാണെങ്കിലും കണ്ണേ കൊണ്ടാ കണ്ണു പോകും. ഞങ്ങക്കറിയാം അടിക്കാന്‍… അടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചാല്‍ അടിച്ചതാണ്.

ചുവന്ന കൊടിയും പിടിച്ച് നടക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് ഇത്രയും കാലം റെക്കഗ്‌നേഷന്‍ നല്‍കാത്തത് ഒരു പണിയാണ് ചെയ്തത്.. എന്തായിരുന്നു നിങ്ങളുടെ പ്രമാണിത്തം…. പ്രമാണിത്തം എല്ലാം പോയില്ലേ…. ഇതുകൊണ്ടൊന്നും എന്റെ ഗുരുനാഥന്‍ സഖാവേ, കുര്യച്ചന്‍ സഖാവേ, എന്റെ എഐടിയുസിക്കാരാ…നിങ്ങള്‍ രക്ഷപെടുന്ന പ്രശ്‌നമില്ല…. അങ്ങനൊന്നും നിങ്ങള്‍ രക്ഷപെടുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ ഇത്തിരി ദാക്ഷിണ്യം കാണിക്കുന്നത് നിങ്ങളുടെ ചുവന്നകൊടിയും എല്‍ഡിഎഫും ആയതുകൊണ്ടാണ്. ഇപ്പോ പന്ത് നമ്മുടെ കോര്‍ട്ടിലാ.

ഈ ആല്‍ബിനോട് (സിപിഎം ചിന്നക്കാനല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. എക്‌സ്. ആല്‍ബിന്‍) ഇവര്‍ക്കെന്താ ഇത്രവലിയ സൂക്കേട്? ആല്‍ബിനെ നിങ്ങള്‍ ഒതുക്കാന്‍ നോക്കി…. എന്തെല്ലാമായിരുന്നു നമ്മുടെ സര്‍ക്കാരുണ്ടായിരുന്നപ്പോള്‍…. കെ .പി രാജേന്ദ്രന്‍, മറ്റേ രാജേന്ദ്രന്‍, മറ്റേ.. ബിനോയ് വിശ്വം… എല്ലാവരും കൂടി അയാക്കിട്ട് ഒലത്താന്‍ നോക്കി.. അയാളോടുളള വിരോധം ഞങ്ങക്കറിയാം… അയാള്‍ ഇവിടെ ജനിച്ച് വളര്‍ന്നവനാണ്…ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നു. ഒരേക്കറും അരയേക്കറും വീതം ആളുകള്‍ എടുത്തു… അയാളും എടുത്തു… ഇതിനാണോ ഇത്രയും ബഹളം ഉണ്ടാക്കുന്നത്.

ഇതിനു മുന്‍പ് ഇവര്‍ എന്നാ ചെയ്തത്? പി.ടി.തോമസ് എംപിയുടെ സഹായം തേടുന്നവര്‍ ആണും പെണ്ണും കെട്ടവനാണ്. ഇവരെയൊക്കെ പൂരത്തെറി പറയണം. പെണ്ണുങ്ങള്‍ ഇരിക്കുന്നതിനാല്‍ ഒന്നും പറയുന്നില്ല. ഞങ്ങളെ തല്ലി ഒതുക്കിയതു കൊണ്ടൊന്നും നിങ്ങള്‍ എഐടിയുസിക്കാര്‍ ശക്തിപ്പെടാന്‍ പോകുന്നില്ല. നിങ്ങള്‍ തകര്‍ന്നേ പറ്റൂ. തകര്‍ക്കുക തന്നെ ചെയ്യും. അല്ലേ കണ്ടോ? ഏതു ചെറ്റകള്‍ വന്നാലും ഞങ്ങളെ ഒന്നും ചെയ്യാന്‍ പറ്റില്ല. മറ്റേപ്പണി കാണിച്ചാല്‍ അത്യാവശ്യം അടിയാകാം. അടിച്ചാല്‍ സൂപ്പാക്കണം. നല്ല ഇടിവച്ചു കൊടുക്കണം. കേസൊക്കെ കൈകാര്യം ചെയ്യാം. ബാക്കിയൊക്കെ പിന്നാലെ പാക്കലാം.”

Top