സൈന്യത്തിനെതിരായ വിവാദ പരാമര്‍ശം; അസം ഖാനെതിരെ കേസെടുത്തു

മീററ്റ്: സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ ചന്ദ്പൂര്‍ പൊലിസ് കേസെടുത്തു.

ഐപിസി സെക്ഷന്‍ 124, 131, 505 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ചന്ദ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ അജയ് കുമാര്‍ അറിയിച്ചു. അനില്‍ പാണ്ഡേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസം ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

ആയുധധാരികളായ സ്ത്രീകള്‍ സൈനികരെ ആക്രമിക്കണമെന്നും അവരുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചു നീക്കണമെന്നുമായിരുന്നു അസം ഖാന്റെ വിവാദ പരാമര്‍ശം.

സൈനികരുടെ പ്രവൃത്തികള്‍ രാജ്യത്തിന് നാണക്കേടാണെന്നും ഇന്ത്യ ലോകത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്നും ഖാന്‍ പ്രസ്താവിച്ചിരുന്നു.

സൈന്യത്തിനെതിരെയുള്ള മോശം പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അസം ഖാന്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പരാമര്‍ശം എങ്ങനെയാണ് സൈന്യത്തിന്റെ ആത്മവീര്യം ഇല്ലാതാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനമാണ് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തിയതെന്നും അസം ഖാന്‍ ആരോപിച്ചു.

Top