ലഖ്‌നൗ: വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്താന്‍ മടിക്കേണ്ട എന്ന് ആഹ്വാനം ചെയ്ത പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന വിവാദമാകുന്നു. ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സര്‍വകലാശാല വിസി രാജാ റാം യാദവാണ് വിവാദ പ്രസ്താവന നടത്തിയത്.
വിസി നടത്തുന്ന പ്രസ്താവനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.’നിങ്ങള്‍ പുര്‍വാഞ്ചല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലും നിങ്ങള്‍ക്ക് ഒരു മല്‍പിടിത്തം വേണ്ടി വരികയാണെങ്കില്‍ അവരെ നിങ്ങള്‍ അടിക്കുക. ഇനി അവര്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇങ്ങോട്ടേക്ക് പോരൂ. ഞങ്ങളത് കൈകാര്യം ചെയ്‌തോളാം’ ഇതായിരുന്നു വീഡിയോയില്‍ രാജാ റാം യാദവ് പറയുന്നത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ സംഭവം വിവാദമായി മാറുകയായിരുന്നു.
ഗാസിപുരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ഒരു സര്‍വകലാശാല വിസിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഗാസിപുരിലെ ഗാന്ധിപുരം സത്യദേവ് കോളേജില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പ്രസംഗം. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാ റാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വഞ്ചാലില്‍ വൈസ് ചാന്‍സലറായി നിയമിച്ചത്.