തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ നടത്തിയ വിവാദ പരാമര്‍ശം കത്തി പടരുന്നു.
വിവിധ മുസ്ലീം സംഘടനകളും സാമുഹിക പ്രവര്‍ത്തകരും അഭിഭാഷക പ്രമുഖരുമെല്ലാം സെന്‍കുമാറിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
മത വിദ്വേഷമുണ്ടാക്കുന്ന പ്രതികരണത്തിനെതിരെ ഐ പി സി 153 എ പ്രകാരം സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് ഡി.ജി.പി ലോക് നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി.
സെന്‍കുമാര്‍ നിലവില്‍ സി.പി.എം നേതൃത്വവുമായും സര്‍ക്കാരുമായും ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേ സമയം താന്‍ പറഞ്ഞ നിലപാടില്‍ നിന്ന് മാറുന്ന പ്രശ്‌നമില്ലന്ന നിലപാടാണ് പരാമര്‍ശം വിവാദമായിട്ടും സെന്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് ഡിജിപിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം ചുവടെ:
ജൂലൈ 8ന് www.samakalikamalayalam.com എന്ന വെബ് അഡ്രസ്സില്‍ പ്രസിദ്ധീകരിച്ച കേരളത്തിന്റെ മുന്‍ പൊലീസ് ചീഫ് ടി.പി സെന്‍കുമാറിന്റെ അഭിമുഖം സമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതും സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം തെറ്റിദ്ധാരണയുണ്ടാക്കുകയും വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
‘ഒരു മുസ്‌ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലിങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു.
കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്‌ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്ന്’ സമകാലിക മലയാളവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു’.
മറ്റു ചില വരികള്‍ ഇപ്രകാരമാണ്, ‘മുസ്‌ലിം സമുദായത്തില്‍ നിന്നും തന്നെയുള്ള ചില ആളുകളെ, അവരിലും ചില നല്ല ആളുകളുണ്ട് അവരെ ഉപയോഗിച്ച് വേണം മത തീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍’. ഈ വരികള്‍ സൂചിപ്പിക്കുന്നത് ഭൂരിഭാഗം മുസ്‌ലിമുകളും നല്ല ആളുകളല്ലെന്നും മത തീവ്രവാദികളാണെന്നുമാണ്.
പിന്നെ പറയുന്ന വാചകം ഇങ്ങനെയാണ്, ‘ജിഹാദിനെ കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസ്സിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസ്സിലാക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്ക് പറ്റുമോ എന്നെനിക്കറിയില്ല’.
മേല്‍ വരികള്‍ സൂചിപ്പിക്കുന്നത് ജിഹാദിനെക്കുറിച്ച് മനസ്സിലാക്കിയ തെറ്റായ കാര്യങ്ങളില്‍ നിന്ന് മാറാന്‍ മുസ്‌ലിം സമുദായത്തിന് കഴിയില്ലെന്ന് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാള്‍ പറയുക വഴി സമുദായത്തില്‍ ഗുരുതരമായ പ്രത്യാഘാതത്തിന് അത് വഴിവെക്കും. താഴെ പറയുന്ന വരികളും മുസ്‌ലിം സമുദായത്തെകുറിച്ച് വിദ്വേഷമുണ്ടാക്കുന്നതും വസ്തുതാ വിരുദ്ധവുമാണ്.
‘ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറെയാളുകള്‍ അതിന് വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതം മാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരു പോലെയുണ്ടാകും പക്ഷേ എന്ത് കൊണ്ട് ഇത് ഏകപക്ഷീയമാകുന്നു’.
ലൗ ജിഹാദ് എന്ന സംഘ്പരിവാര്‍ പ്രചാരണം വസ്തുതാ വിരുദ്ധമായിരുന്നു എന്ന് കേരള പൊലീസ് അന്വേഷിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ് എന്നിരിക്കെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. അഭിമുഖത്തില്‍ ജനസംഖ്യയെക്കുറിച്ച് പറയുന്ന ഭാഗം കൂടി താഴെ പരാമര്‍ശിക്കുന്നു.
‘നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനവും. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും’.
മേല്‍ പരാമര്‍ശിച്ച കണക്കുകള്‍ തന്നെ തെറ്റാണ്. ഈ ശതമാനക്കണക്ക് കൂട്ടിയാല്‍ ആകെ ജനസംഖ്യ 105 ശതമാനമാവും. ശതമാനക്കണക്ക് 100ല്‍ ആണെന്നത് കൊച്ചു കുട്ടികള്‍ക്ക് പോലൂം അറിയാമെന്നിരിക്കെ വസ്തുതാ വിരുദ്ധമായ കണക്കവതരിപ്പിച്ചത് ‘മുസ്‌ലിം ഭീതി’ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്.
സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നതും മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്നതുമാണ്.
കേരളത്തിലെ പൊലീസ് സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയിലിരുന്ന ഒരാളാണ് ഈ അഭിമുഖത്തിലൂടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. സാധാരണ പൗരന്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെക്കാള്‍ പൊതുജനം ഇത് വിശ്വസിക്കാന്‍ സാധ്യതയുണ്ട്.
ആയതിനാല്‍ മുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രസ്താവന നടത്തിയ കേരള മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ഐ.പി.സി 153എ പ്രകാരം കേസെടുത്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് അപേക്ഷിക്കുന്നു.