വിവാദകത്ത് ; വിജിലൻസും കോർപ്പറേഷൻ ജീവനക്കാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം : പിൻവാതിൽ വഴിയുള്ള നിയമനത്തിന് പാർട്ടിയോട് ആളെ ആവശ്യപ്പെട്ട് തിരുവനന്തപുരം മേയറുടെ ലെറ്റർപാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. വലിയ വിവാദങ്ങൾക്കാണ് കത്ത് തിരി കൊളുത്തിയത്. ക്രൈംബ്രാഞ്ചും വിജിലൻസും ഇതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം തുടരുകയാണ്.

വിവാദ കത്തിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു.

നേരത്തെ വിജിലൻസ് അന്വേഷണ സംഘം, മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴിയെടുത്തിരുന്നു. കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയർ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴി. നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.

അതേ സമയം, കത്തയച്ചിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനും പറയുമ്പോൾ അന്വേഷണ സംഘത്തിന്റെ കൈവശം കിട്ടിയത് കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ്. കത്തിലെ സത്യാവസ്ഥ കണ്ടെത്താൻ യഥാർത്ഥ കത്ത് കണ്ടെത്തണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിലപാട്. ഇതിനായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. തന്റെ പേരിൽ തന്റേതല്ലാത്ത കത്ത് പ്രചരിക്കുന്നുവെന്ന് മേയർ പകർപ്പ് അടക്കം രേഖാമൂലം പരാതി നൽകിതോടെ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ മറ്റ് തടസങ്ങളില്ല.

കത്ത് കണ്ടെത്താതെ കൂടുതൽ ആളുകളുടെ മൊഴിയെടുക്കുന്നതിലും കാര്യമില്ല. ഈ സാഹചര്യത്തിൽ ടെലിഫോണിലൂടെ മൊഴി നൽകിയ ആനാവൂരിനെ തത്കാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഇതിനോടകം യഥാർത്ഥ കത്ത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധന നടത്താനാവാതെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം. സമാനമായ മറ്റൊരു കത്ത് അയച്ച പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിലിന്റെ ക്രൈം ബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല. ഈ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മുന്നിൽ പരാതികൾ ഇല്ല.

Top