കോഴിക്കോട്: കോഴിക്കോട് പരിപാടിയില്‍ ബിജെപി വനിതാ നേതാവ് ശോഭ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം.നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് വി. മുരളീധരപക്ഷമാണ് രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭ സുരേന്ദ്രനെ നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രനും രംഗത്തെത്തി.
കേരളത്തിലെ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ കൊടിക്കീഴില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഉന്നയിക്കുന്ന വിഷയങ്ങള്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ്. വിഭാഗീയത ഇപ്പോഴും ഉണ്ടെങ്കില്‍ നിയന്ത്രിക്കേണ്ടത് നേതൃത്വമാണ്. കോഴിക്കോട്ട് പരിപാടിയില്‍ തനിക്ക് വിലക്കുണ്ടോ എന്ന കാര്യം അറിയില്ല. അത്തരം നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നേതൃത്വം പരിശോധിക്കണം. മാനസിക സമ്മര്‍ദ്ദം കൊണ്ടാണ് കുറച്ചു കാലം പരിപാടികളില്‍ നിന്ന് വിട്ടുതന്നതെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
ശോഭ സുരേന്ദ്രന്‍ പികെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. തൃശൂരില്‍ ശോഭ സിറ്റിക്ക് വേണ്ടി പാടം നികത്താന്‍ ഒത്താശ ചെയ്തത് പിണറായി വിജയനാണെന്നും ഇതിനുള്ള പ്രത്യുപകാരമാണ് SRIT എന്ന കമ്പനി നടത്തിപ്പ് വീണ വിജയന് കൈമാറിയതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
സംസ്ഥാന ബിജെപി ഘടകത്തില്‍ പ്രസിഡന്റ് കെ സുരേന്ദ്രനും വനിതാ നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള തര്‍ക്കം പൊതുമധ്യത്തിലെത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത യോഗത്തില്‍ ഉള്‍പ്പെടുത്താത്തതാണ് ഒടുവില്‍ ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചത്. അതിനിടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് വി മുരളീധരന്‍ മത്സരിക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശോഭ മത്സരിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. സുരേന്ദ്രന്‍-ശോഭ സുരേന്ദ്രന്‍ പോര് നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.