കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. ഇത്തരം ചര്‍ച്ചകള്‍ വിജയ സാധ്യത കുറക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലിയിരുത്തല്‍. സീറ്റിനുവേണ്ടി അവകാശവാദവുമായി കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ വിജയസാധ്യതയുള്ള സീറ്റിലെ ഇത്തരം ചര്‍ച്ചകള്‍ തിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ആരാണ് സ്ഥാനാര്‍ഥി എന്നല്ല വിജയസാധ്യതയെന്നതാണ് പ്രധാനം. ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് വേണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടതിന് പിന്നലെ തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കേരള കോണ്‍ഗ്രസില്‍ തുടങ്ങിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ് എന്നിവരെ കൂടാതെ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫും സാധ്യത പട്ടികയിലുണ്ട്. അതേസമയം കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
കഴിഞ്ഞതവണ പി.ജെ. ജോസഫുകൂടി ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസ് (എം.) മത്സരിച്ച മണ്ഡലമാണ് കോട്ടയം. പിന്നീട് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം. മുന്നണിവിട്ടു. അവരിപ്പോള്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. കഴിഞ്ഞതവണ നല്‍കിയ അതേ പരിഗണനയോടെ കോട്ടയം സീറ്റ് ഇത്തവണ പി.ജെ. ജോസഫ് വിഭാഗത്തിന് നല്‍കണമെന്നാണ് ആവശ്യം. കോട്ടയം വിട്ടുനല്‍കാമെന്ന ആലോചന കോണ്‍ഗ്രസിലുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ചികിത്സകഴിഞ്ഞ് തിരിച്ചെത്തിയശേഷം അന്തിമതീരുമാനമെടുക്കും.