ന്യൂഡല്‍ഹി: നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തിൽ ‘അടി’ തുടങ്ങി. പ്രവര്‍ത്തക സമിതിയുടെ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരാനിരിക്കെയാണ് മുഖ്യമന്ത്രിമാർ ഉൾപ്പെടെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രിയും രാജസ്ഥാൻ മുഖ്യമന്ത്രിയും സോണിയ ഗാന്ധിയുടെ കുടുംബത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബഹു ഭൂരിപക്ഷം നേതാക്കളുടെയും നിലപാട് ഇതു തന്നെയാണ്. എന്നാൽ നേതൃസ്ഥാനം ഏറ്റെടുക്കില്ലന്ന കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് പ്രിയങ്കയും രാഹുലും.
ഇതിനിടെ,കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുന്‍ ബോറ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമാണെന്നും ബോറ അഭിപ്രായപ്പെട്ടു. സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടിമുടി മാറണമെന്ന ആവശ്യവുമായി ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ സോണിയയ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് രൂക്ഷമായ ഭിന്നതയും സംജാതമായിരിക്കുന്നത്. സോണിയ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് ഒരു വിഭാഗവും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യമുന്നയിച്ച് മറ്റൊരു വിഭാഗം നേതാക്കളും കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അടിമുടി മാറണമെന്ന് ആവശ്യപ്പെടുന്ന കത്ത് അനവസരത്തില്‍ ആയിപ്പോയെന്ന് മുതിര്‍ന്ന നേതാവും മുന്‍ നിയമ മന്ത്രിയുമായ അശ്വിനി കുമാറും അഭിപ്രായപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പിലേക്ക് പോകാതെ പാര്‍ട്ടി സമന്വയത്തിലൂടെ മുന്നോട്ടു പോകണമെന്ന് മുതിര്‍ന്ന നേതാവ് സല്‍മാൻ ഖുര്‍ഷിദും നിർദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ട്. അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷന്റെ മേല്‍വിലാസം ഉണ്ടോ ഇല്ലയോ എന്നത് വലിയ കാര്യമല്ലെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ജൂലായിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. വീണ്ടും പാര്‍ട്ടി അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം.
സോണിയ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാൾ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാൽ പുതിയ ശാക്തിക ചേരിയാണ് കോൺഗ്രസ്സിൽ രൂപപ്പെടുക. ശശി തരൂരിനെ പോലെയുള്ളവർ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
Political Reporter