കോട്ടയം: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാനനിധി പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി തർക്കം. സംസ്ഥാന സർക്കാർ കോട്ടയത്ത് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ രംഗത്തെത്തി.
സംസ്ഥാന സർക്കാർ അറിയാതെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കാണിക്കുന്നത് രാഷ്ട്രീയ അൽപ്പത്തരമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ല ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ട്. അതിനിടെയാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന പേരിൽ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ഒരറിവും കിട്ടിയിട്ടില്ലെന്നാണ് കൃഷി മന്ത്രി വിഎസ് സുനിൽ കുമാരിന്റെ ആരോപണം.
സാധാരണ കേന്ദ്രസർക്കാർ പരിപാടികൾ സംസ്ഥാന സർക്കാരിനെക്കൂടി അറിയിച്ചാണ് നടത്താറുള്ളത്. ഇത് ഫെഡറിസത്തോടുള്ള വെല്ലുവിളിയും മര്യാദയില്ലായ്മയുമാണ്. സർക്കാർ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാൻ ബിജെപി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണെന്നും സുനിൽ കുമാർ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ ആകെ ബിജെപി വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
ആറായിരം രൂപ മൂന്ന് ഗഡുക്കളായി കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ച പദ്ധതിക്ക് ദിവസങ്ങൾക്ക് മുൻപേ അപേക്ഷ ക്ഷണിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നിർവഹിക്കും.