Controversy-over-army-chiefs-appointment

ന്യൂഡല്‍ഹി: ഒരു മുസ്ലീം മതവിശ്വാസിക്ക് ചരിത്രത്തില്‍ ആദ്യമായി കരസേനാ മേധാവിയാകാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപണം.

മലയാളിയും തെക്കന്‍ കമാന്‍ഡ് തലവനുമായ ലഫ്.ജനറല്‍ പി.എം ഹാരിസിനെയും കിഴക്കന്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്.ജനറല്‍ പ്രവീണ്‍ ബക്ഷിയേയും മറികടന്ന് കരസേന ഉപമേധാവിയായ ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെയാണ് കേന്ദ്രം പുതിയ കരസേനാ മേധാവിയായി നിയമിച്ചിരിക്കുന്നത്.

സീനിയോറിറ്റിയില്‍ മറ്റ് രണ്ട് ലഫ്.ജനറല്‍മാരേക്കാള്‍ ജൂനിയറാണ് പുതിയ കരസേനാ മേധാവി.

സീനിയോറിറ്റി മറികടന്നുള്ള നിയമനത്തിനെതിരെ പ്രതിഷേധവുമായി ഇടത്പക്ഷവും കോണ്‍ഗ്രസ്സും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

റാവത്തിനെ നിയമിക്കുമ്പോള്‍ കേന്ദ്രം എന്തുകൊണ്ട് സീനിയോറിറ്റി പാലിച്ചില്ലെന്നാണ് കോണ്‍ഗ്രസ്സ് വക്താവ് മനീഷ് തിവാരിയുടെ ചോദ്യം.

സൈനികമേഖലയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ തുടര്‍ന്ന് വരുന്ന പരമ്പരാഗത രീതികള്‍ മാറ്റി മറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം ആരോപിച്ചു.

സായുധസേനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിപിഎം പൊതുവേ അഭിപ്രായപ്രകടനം നടത്താറില്ലെന്ന് പറഞ്ഞ അദ്ദേഹം തെറ്റായ നിലപാട് സ്വീകരിച്ചതിനാലാണ് പ്രതികരിക്കേണ്ടി വന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സൈനിക മേധാവി, മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ നിയമനങ്ങള്‍ വിവാദത്തിലാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജ പറഞ്ഞു. സൈന്യം രാജ്യത്തിന്റെ മുഴുവന്‍ സ്വത്താണ്. അതിനാല്‍ നിയമനങ്ങള്‍ നടത്തുന്നത് എങ്ങിനെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്ലാം മതവിശ്വാസിയായ ഹാരിസ് ഇന്ത്യയിലെ ആദ്യ മുസ്ലീം കരസേന മേധാവിയാകുന്നത് മോദി ഇഷ്ടപ്പെടുന്നില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് സെക്രട്ടറിയും എഴുത്തുകാരനുമായി ഷെഹ്‌സാദ് പുനാവാല ആരോപിച്ചു.

അതേസമയം വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യന്‍ സൈന്യത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പത്ത് റാവത്തിനുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പുതിയ സൈനിക മേധാവി ഈ മാസം 31ന് ചുമതലയേല്‍ക്കും. 1978ലാണ് റാവത്ത് സേനയില്‍ കമ്മീഷന്‍സ് ഓഫീസറായി ചുമതലയേറ്റത്.

കാശ്മീര്‍ അടക്കം ഉയര്‍ന്ന പ്രതലങ്ങളിലെ നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുത്ത അദ്ദേഹം പീരങ്കിപ്പടയുടെ കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top