ആലപ്പുഴ: സെമിനാറിനായെത്തിയ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനിയറിംഗ് കോളേജിലാണ് സംഭവം.
സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചായയ്‌ക്കൊപ്പം ലഘു ഭക്ഷണമായി കട്‌ലറ്റ് വിതരണം ചെയ്തിരുന്നു. സസ്യ ആഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബീഫ് കട്‌ലറ്റ് വിതരണം ചെയ്തുവെന്നാണ് ഇവരുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥി ബീഹാര്‍ സ്വദേശി അങ്കിത് കുമാര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ഹിമാംശു കുമാര്‍ എന്നിവരാണ് കോളേജ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസില്‍ നടത്തി വന്നിരുന്ന സരസ്വതി പൂജ തടയുവാനുള്ള ശ്രമവും കോളേജ് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായും ഇവര്‍ ആരോപിച്ചു.
കോളേജിലെ വിദ്യാര്‍ത്ഥികളുടെ മതവികാരം വൃണപ്പെടുത്താനും കുട്ടികള്‍ക്കിടയില്‍ പ്രാദേശിക വികാരം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കോളേജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, ഭക്ഷണം വിതരണം ചെയ്തത് കോളേജിന്റെ അറിവോടെ അല്ലെന്നും, സെമിനാര്‍ സംഘടിപ്പിച്ചത് ഒരു ബാങ്കിംഗ് സ്ഥാപനമാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നത്. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി നടത്താറുള്ളതാണ് സരസ്വതി പൂജ. ഇത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും, ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനെയാണ് എതിര്‍ത്തതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.