ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ തീകൊളുത്തി ഭർത്താവ്. കരുണാകരൻ (74) ഭാര്യ പത്മാവതി (70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ചെന്നൈ അയനവാരത്താണ് ദാരുണ സംഭവം. ശരീരത്ത് തീ പടർന്നപ്പോൾ പത്മാവതി കരുണാകരനെ കെട്ടിപ്പിടിച്ചു. തുടർന്നാണ് ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചത്. വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനാണ് കരുണാകരൻ.
ഇവരുടെ നാലു മക്കളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് താമസിക്കുന്നത്. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. മക്കൾ ഇടക്കിടെ ഇവരെ കാണാൻ വരാറുണ്ടായിരുന്നെങ്കിലും ഏകാന്തത മൂലം ദമ്പതികൾ വിഷാദത്തിലായിരുന്നു. കരുണാകരനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച എട്ട് മണിയോടെയാണ് സംഭവം. കരുണാകരനാണ് ഭക്ഷണശാലയിൽ നിന്ന് ഒരു ബിരിയാണി വാങ്ങിക്കൊണ്ടു വന്നത്. ഒറ്റക്ക് കഴിക്കാനുള്ള കരുണാകരന്റെ തീരുമാനത്തെ പത്മാവതി ചോദ്യം ചെയ്യുകയും ബിരിയാണിയുടെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു. തർക്കം വൻവഴക്കിലേക്ക് എത്തിച്ചേരുകയും ഒടുവിൽ കരുണാകരൻ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്ത് തീ പടർന്നപ്പോൾ പത്മാവതി ഭർത്താവിനെ കെട്ടിപ്പിടിച്ചതിനെ തുടർന്ന് അയാളുടെ ദേഹത്തും തീ പടർന്നു പിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ഇരുവരെയും ഹോസ്പിറ്റലിലെത്തിച്ചത്.
പത്മാവതിക്ക് 65 ശതമാനവും കരുണാകരന് 50 ശതമാനവും പൊള്ളലേറ്റിരുന്നു. പത്മാവതിയുടെ മരണമൊഴിയിൽ നിന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പത്മാവതി ചൊവ്വാഴ്ചയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കരുണാകരൻ മരണത്തിന് കീഴടങ്ങിയത്.