ഹൈദരാബാദ്: കോഴിയിറച്ചി വേവിക്കാതെ കഴിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. സംഭവം കൊലപാതകത്തില്‍ കലാശിച്ചു. തെലങ്കാന തുക്കാറാം ഗേറ്റ് സ്വദേശിയും ബാന്റ് മാസ്റ്ററുമായ അജയ് കാംബ്ലെ(23)യാണ് അയല്‍ക്കാരനായ ശ്രീനിവാസ് ചാരി(42)യുടെ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച സംക്രാന്തി ആഘോഷത്തിനിടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട അജയും പ്രതി ശ്രീനിവാസയും അയല്‍ക്കാരാണ്. തിങ്കളാഴ്ച അജയിന്റെ വീടിന് സമീപത്തുവെച്ച് ശ്രീനിവാസ വേവിക്കാത്ത കോഴിയിറച്ചി കഴിക്കുന്നത് അജയിന്റെ ഭാര്യ പ്രിയങ്ക ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കോഴിയിറച്ചി പാകംചെയ്ത് കഴിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീനിവാസ യുവതിയെ അസഭ്യംപറയുകയും മര്‍ദിക്കുകയും ചെയ്തു.
ഭാര്യയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അജയ്ക്ക് നെഞ്ചില്‍ കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തില്‍ പ്രിയങ്കയുടെ കൈയിലും കുത്തേറ്റു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയ് മരിച്ചിരുന്നു. കുത്തേറ്റ പ്രിയങ്ക ചികിത്സയില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ശ്രീനിവാസയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏതാനുംദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസ് പറയുന്നത്.