തൃശൂർ: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ 45-കാരനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. തൃശൂർ ശക്തൻ നഗറിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെയാണ് കൊല്ലാൻ ശ്രമിച്ചത്.
തിരുവനന്തപുരം സ്വദേശിയായ റെജികുമാറിനെ സംഭവത്തിൽ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തൻ നഗറിലെ ബിവറേജസ് ഔട്ട് ലെറ്റിൽ വച്ചാണ് പ്രകാശനും സുഹൃത്ത് ഷിനുവും തിരുവനന്തപുരം സ്വദേശി റെജി കുമാറും ചേർന്നു ഷെയറിട്ട് മദ്യം വാങ്ങി മദ്യപിച്ചത്.
ഷോപ്പിംഗ് മാളിന് പിറകിൽ വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശൂർ ജില്ലയെ കളിയാക്കി. ഇത് ഷിനുവിനെ പ്രകോപിപ്പിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഈ സമയം പിടിച്ചുമാറ്റാൻ എത്തിയ പ്രകാശനെ റെജികുമാർ ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. മൂക്കിന് ഇടി കിട്ടിയ പ്രതി റെജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷൻ സെൻററിലാക്കി.