controversy statement rejected

തിരുവനന്തപുരം: ആലപ്പുഴയില്‍ കായല്‍ പുറമ്പോക്ക് റിസോര്‍ട്ടിന് നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ ഉത്തരവ് റദ്ദാക്കി.

അരൂക്കുറ്റി വില്ലേജില്‍ ത്രൈന്‍ ഗ്രീന്‍ലഗൂണ്‍ റിസോര്‍ട്ട്‌സിന് 1.27 ഏക്കര്‍ കായല്‍പുറമ്പോക്കും കലവൂര്‍ വില്ലേജില്‍ ഇന്‍ഫ്ര ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡിന് 82.5 സെന്റ് കായല്‍ പുറമ്പോക്കുമാണ് സര്‍ക്കാര്‍ നല്‍കിയത്. രണ്ടു സ്വകാര്യ സംരംഭകര്‍ക്കും ഭൂമിയില്‍ ഉപയോഗാനുമതി നല്‍കിയാണ് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജി (479, 480/ 2014/ ആര്‍.ഡി) ഉത്തരവിറക്കിയത്.

ഈ രണ്ടു ഉത്തരവുകളും റദ്ദാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.

മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മന്ത്രിയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവുകള്‍ ലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് തീരഭൂമി അനുവദിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. പഞ്ചായത്തീരാജ് നിയമം (1994) അനുസരിച്ച് കായല്‍ പുറമ്പോക്കിനുമേല്‍ റവന്യൂ വകുപ്പിന് ഉടമസ്ഥതയില്ല. അതിനാല്‍ ഭൂമി പതിച്ചുനല്‍കാനോ കൈവശപ്പെടത്താനോ അവര്‍ക്ക് കഴിയില്ല. ഭൂമി തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിലാണ്.

ഈ വിഷയത്തില്‍ 2011ല്‍ സുപ്രീംകോടതിയുടേയും 2014ല്‍ ഹൈകോടതിയുടെയും ഉത്തരവുണ്ട്. മുനിസിപ്പാലിറ്റി നിയമത്തിലെ സെക്ഷന്‍ 208ലും സമാനമായ വ്യവസ്ഥയുണ്ട്. അതിനാല്‍, ഏതെങ്കിലും തരത്തില്‍ പട്ടത്തിനോ, രജിസ്റ്റര്‍ ചെയ്‌തോ, പതിച്ചോ നല്‍കാന്‍ കഴിയാത്ത ഭൂമിയാണിതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Top