പത്തനംതിട്ട: സിവില്‍ സപ്ലൈസിന് കീഴിലുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലേക്ക് ചട്ടവിരുദ്ധമായി അപേക്ഷ നല്‍കാത്ത ആളെ നിയമിച്ചു എന്ന് ആരോപണം. തസ്തികയില്‍ നിരവധി അപേക്ഷകരുണ്ടായിട്ടും അതില്‍ ഉള്‍പ്പെടാത്ത ആളെ നിയമിച്ചതാണ് വിവാദമായത്.
2017 ജൂണിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലേക്ക് വനിതാ അംഗത്തിന്റെ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചത്. 25 പേര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ പട്ടികയില്‍ ഇല്ലാത്ത സാന്‍ജിതാ ബിവിയെ കഴിഞ്ഞ മാസം പ്രസ്തുത തസ്തികയിലേക്ക് നിയമിച്ചു. കഴിഞ്ഞ ജനുവരി 14 നാണ് ഇവര്‍ ചുമതലയേറ്റത്.
അപേക്ഷകരുടെ പട്ടികയിലൊ അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനോ സാന്‍ജിത ഹാജരായിരുന്നില്ല. അന്തിമ പട്ടികയിലെ 5 പേരില്‍ ഒരാളുടെ കൂട്ടത്തിലും സാന്‍ജിത ഉണ്ടായിരുന്നില്ല. തസ്തികയിലേക്ക് പിന്‍ വാതില്‍ നിയമനമാണെന്ന് അപേക്ഷകര്‍ ആരോപിച്ചു. എന്നാല്‍ പത്തനംതിട്ടയിലേക്ക് പരിഗണിക്കാന്‍ ആലപ്പുഴ കളക്ടര്‍ വഴി അപേക്ഷ നല്‍കി എന്നാണ് ഇവരുടെ വാദം. സംസ്ഥാന സിവില്‍ സൈപ്ലസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫേയര്‍ സെക്രട്ടറി, നിയമന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ബോര്‍ഡാണ് തസ്തികയിലേക്ക് അഭിമുഖം നല്‍കുന്നത്. അനധികൃത നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് അപേക്ഷകര്‍ ഹൈകോടതിയേ സമീപിച്ചിട്ടുണ്ട്.