ഗൂഗിള്‍ പേയില്‍ കണ്‍വീനിയന്‍സ് ഫീസ്; പുതിയ പരിഷ്‌കാരം; നിലവില്‍ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രം

ചാര്‍ജുകള്‍ക്ക് ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീ ഈടാക്കിത്തുടങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. സംഭവം അറിഞ്ഞതോടെ റീചാര്‍ജുകള്‍ക്ക് പിന്നാലെ ഇനി മറ്റ് പണമിടപാടുകള്‍ക്കും ഇത് നല്‍കേണ്ടി വരുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഗൂഗിള്‍ പേയുടെ ഈ പുതിയ പരിഷ്‌കാരത്തെക്കുറിച്ചും, കണ്‍വീനിയന്‍സ് ഫീയെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

നിലവില്‍ നമ്മള്‍ പണമിടപാട് നടത്താന്‍ വ്യത്യസ്തമായ നിരവധി പേമെന്റ് മെത്തേഡുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. അത്തരം പേമെന്റ് രീതികളുടെ കൂടുതല്‍ സുഗമമായ നടത്തിപ്പിനായി ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്ന പണമാണ് കണ്‍വീനിയന്‍സ് ഫീസ്. ഇത് താരതമ്യേന കുറഞ്ഞ ഒരു തുകയായിരിക്കും. എന്നാല്‍ പില്‍ക്കാലത്ത് ഇത് കൂട്ടാനും കമ്പനികള്‍ക്ക് അധികാരമുണ്ട്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ നമ്മള്‍ നേരിട്ട് ചെയ്യേണ്ട സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍, വീട്ടിലിരുന്നുകൊണ്ട് ചെയ്യാന്‍ നമ്മളെ സഹായിക്കുന്നതിന് പകരമായി നമ്മള്‍ നല്‍കുന്ന ഫീസാണ് കണ്‍വീനിയന്‍സ് ഫീ.

ഇത്തരത്തില്‍ കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഉപഭോക്താവിനെ കൃത്യമായി അറിയിക്കേണ്ടതുമുണ്ട്. അതായത് നിങ്ങള്‍ നടത്തിയ ഇടപാടില്‍ എത്ര രൂപയാണ് കണ്‍വീനിയന്‍സ് ഫീ ആയി നല്‍കേണ്ടിവന്നതെന്ന് ഇടപാടിന്റെ റസീപ്റ്റില്‍ പ്രത്യേകമായി കാണിച്ചിരിക്കണം. ഗൂഗിള്‍ പേരില്‍ കണ്‍വീനിയന്‍സ് ഫീ വന്നതുമായി ബന്ധപ്പെട്ട പങ്കുവയ്ക്കപ്പെട്ട സ്‌ക്രീന്‍ഷോട്ടിലും ആകെ തുകയ്ക്ക് പുറമെ കണ്‍വീനിയന്‍സ് ഫീ ആയി നല്‍കിയിട്ടുള്ള തുക പ്രത്യേകം കാണിച്ചിട്ടുണ്ട്. ഒരു പണമിടപാടിന് അല്ലെങ്കില്‍ സേവനത്തിന് കണ്‍വീനിയന്‍സ് ഫീ ഈടാക്കണമെങ്കില്‍ ആ ഇടപാടിന് മറ്റൊരു സാധാരണ പേയ്മെന്റ് രീതി ഉണ്ടായിരിക്കണം. ഉദാഹരണമായി ഇപ്പോള്‍ ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നത് ഫോണ്‍ റീചാര്‍ജുകള്‍ക്കാണല്ലോ. റീചാര്‍ജ് നമുക്ക് മൊബൈല്‍ ഷോപ്പിലൂടെ പണം നല്‍കി നേരിട്ട് നടത്താവുന്ന ഒരു സേവനമാണ്. അതിനാല്‍ത്തന്നെ ഈ ഓണ്‍ലൈന്‍ പേയ്മെന്റ് മെത്തേഡ് ഒരു ബദല്‍ മാര്‍ഗമായിരിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതൊഴിവാക്കി നേരിട്ടുള്ള പണമിടപാട് നടത്താനാകും.

കണ്‍വീനിയന്‍സ് ഫീ സംബന്ധിച്ച് വ്യത്യസ്ത രാജ്യങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്. പത്ത് യു.എസ് സംസ്ഥാനങ്ങളില്‍ കണ്‍വീനിയന്‍സ് ഫീ നിരോധിച്ചിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിലാകട്ടെ, ഇത് നിയമവിധേയവുമാണ്. ഇനി ഗൂഗിള്‍ പേ ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീയിലേക്ക് വന്നാല്‍, നിലവില്‍ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമാണ് ഈ തുക ഈടാക്കുന്നത്. 100 രൂപയില്‍ താഴെയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാര്‍ജുകള്‍ക്ക് രണ്ട് രൂപ ഈടാക്കും. മുന്നൂറിന് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് മൂന്ന് രൂപയും ഈടാക്കുന്നുണ്ട്. ഈ കണ്‍വീനിയന്‍സ് ഫീ ജി എസ് ടി ഉള്‍പ്പെടെയുള്ളതാണെന്നതാണ് മറ്റൊരു കാര്യം.

ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍, സേവന നിബന്ധനകള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തില്‍ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകളില്‍ പറയുന്നുണ്ട്. തികച്ചും ഫ്രീ ആയിട്ടായിരുന്നു ഗൂഗിള്‍ പേയുടെ ആദ്യകാല സേവനങ്ങള്‍. കൂടാതെ ആകര്‍ഷകമായ വമ്പന്‍ ഓഫറുകളും അവര്‍ അവതരിപ്പിച്ചു. സുഹൃത്തുക്കളെ ഇന്‍വൈറ്റ് ചെയ്താല്‍ പണം കിട്ടും, ഓരോ പണമിടപാടിനും ഗിഫ്റ്റ് കാര്‍ഡുകളും ക്യാഷ് ബാക്കും കിട്ടും, കൂടുതല്‍ പണമിടപാടുകള്‍ നടത്തിയാല്‍ ഉയര്‍ന്ന തുകകള്‍ അക്കൗണ്ടിലേക്കെത്തും… അങ്ങനെ ഉപഭോക്താക്കളെ ഹാപ്പി ആക്കുന്ന പലതും ഗൂഗിള്‍ പേ നല്‍കി. ചുരുങ്ങിയ കാലംകൊണ്ട് വലിയ ജനപ്രീതിയും നേടാനായി. ഗൂഗിളിന്റെ സ്വന്തം പേമെന്റ് ആപ്പായതിനാല്‍ വിശ്വാസ്യതയും ഉയര്‍ന്നു. കൊവിഡ് കാലത്തെ ഡിജിറ്റല്‍ പണമിടപാട് ഗൂഗിള്‍ പേയെ വമ്പന്‍ ഹിറ്റിലേക്ക് നയിച്ചു.

പോകെപ്പോകെ സാവധാനം ക്യാഷ് ബാക്കും ഓഫറുകളുമെല്ലാം കുറഞ്ഞുവന്നു. ഗിഫ്റ്റ് കാര്‍ഡ് ചുരണ്ടുമ്പോള്‍ കിട്ടുന്നത് അധികവും ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം ആയതോടെ ഓഫര്‍ കാലം കഴിഞ്ഞെന്ന് മിക്കവര്‍ക്കും മനസ്സിലാവുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഗൂഗിള്‍ പേ അടക്കമുള്ള പേമെന്റ് ആപ്പുകള്‍ നമുക്കെല്ലാം ശീലമായിക്കഴിഞ്ഞു. പണം കയ്യില്‍ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ടില്ല, മോഷണം പോകുമെന്ന ടെന്‍ഷനുമില്ല. ഗിഫ്റ്റ് കാര്‍ഡും ക്യാഷ് ബാക്കും കിട്ടിയില്ലെങ്കിലെന്ത്, ഫ്രീ ആയി എളുപ്പത്തില്‍ പണമിടപാട് നടത്താമല്ലോ എന്നായി ആളുകളുടെ ചിന്ത. ആ ഈസി ഗോയിങ് പരിപാടികള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്‌മെന്റ് സേവന ദാതാക്കളല്ല ഗൂഗിള്‍ പേ. പേടിഎം, ഫോണ്‍പേ എന്നിവര്‍ നേരത്തെതന്നെ പല സേവനങ്ങള്‍ക്കും തുക ഈടാക്കി തുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭാവിയില്‍ ഗൂഗിള്‍ പേ എല്ലാ ഇടപാടുകള്‍ക്കും ഈ കണ്‍വീനിയന്‍സ് ഫീ ഈടാക്കുമോ എന്നാണ് ഉപഭോക്താക്കള്‍ ആശങ്കയോടെ നോക്കിയിരിക്കുന്നത്.

Top