മതപരിവര്‍ത്തനം നിയന്ത്രണം ; ജാര്‍ഖണ്ഡ് സർക്കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം

ജാര്‍ഖണ്ഡ്: മതപരിവര്‍ത്തനം നിയന്ത്രിക്കാനായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതില്‍ ശക്തമായ പ്രതിഷേധം.

ആദിവാസി സമൂഹത്തില്‍ മിഷനറിമാര്‍ നടത്തുന്ന പ്രവര്‍ത്തനം തടയുകയും വേട്ടയാടുകയുമാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.

ജാര്‍ഖണ്ഡ് നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിലാണ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ പാസ്സാക്കിയത്.

ആദിവാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് മുഖ്യപ്രതിപക്ഷമായ ജെഎംഎമ്മും കോൺഗ്രസും ബില്ലിനെ എതിര്‍ത്തിരുന്നു.

ദളിത് – ആദിവാസി വിഭാഗങ്ങളില്‍ നിന്ന് സ്ത്രീകളെയോ പ്രായപൂര്‍ത്തിയാകാത്തവരെയോ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ നാലു വര്‍ഷം തടവോ ഒരു ലക്ഷം പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്.

പുരുഷനെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതെങ്കില്‍ മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

മതം മാറാന്‍ ആഗ്രഹമുള്ളവര്‍ റവന്യൂ ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതി തേടണം. സാഹചര്യങ്ങള്‍ പരിശോധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അനുമതി നല്‍കിയാലേ പരിവര്‍ത്തനം സാധ്യമാകൂ.

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ ഭൂമി ആവശ്യപ്പെട്ട് സംയുക്ത സമരങ്ങള്‍ അടുത്തിടെ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തുന്ന ഇടപെടല്‍ സമരത്തിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലാണ് പുതിയ നിയമ നിര്‍മാണത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം.

നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി രഘുബർദാസിനെ സമീപിക്കാനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സമാനമായ നിയമം നിലവിലുള്ളത്.

Top