കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തം; ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി

ചെന്നൈ: കൂനൂരില്‍ അപടകടത്തില്‍ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണസംഘമാണ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന സഹായിക്കും. സുരക്ഷാസംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും.

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രാഥമികമായ വിവരശേഖരണ റിപ്പോര്‍ട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നല്‍കിയിരുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. അപകടത്തില്‍പ്പെടാനുള്ള വ്യത്യസ്തമായ കാരണങ്ങളുടെ സാധ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.

Top