ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കും. അപകടത്തില്‍ മരിച്ച സൈനികരില്‍ അഞ്ച് പേരെ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. പുതിയ സംയുക്ത സൈനിക മേധാവിയെക്കുറിച്ചുള്ള തീരുമാനം ഉടനുണ്ടാകും.
ഹെലികോപ്റ്റര്‍ അപകടത്തില്‍ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുമ്പോഴും അപകടകാരണത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിട്ടില്ല. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയില്‍ സര്‍ക്കാരിന് നല്കിയേക്കും. അതേസമയം, വിഷയം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.