ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ വകുപ്പിന് കൈമാറി. വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ വിഎന്‍ ചൗധരിയാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍മാര്‍ഷല്‍ മാന്‍വേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സംയുക്ത സൈനിക തല അന്വേഷണം.
ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന് തൊട്ടുമുന്‍പ് ഒരു റെയില്‍വെ ലൈനിനെ പിന്തുടര്‍ന്നാണ് പറന്നിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മൂടല്‍ മഞ്ഞ് ഹെലികോപ്റ്ററില്‍ നിന്നുള്ള കാഴ്ച്ച മറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായിട്ടാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയുടെ സുുപ്രധാന സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത അപകടം എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും വ്യോമസേന ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുള്ളതായ കണ്ടെത്തലുകളും വ്യോമസേന നിഷേധിച്ചിരുന്നു. അന്വേഷണം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ വിവിഐപി യാത്രാ പെരുമാറ്റചട്ടം സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്നും വ്യോമസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ 8ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പതിനാലു പേരുമായി വെല്ലിങ്ങ്ടണിലെ സൈനിക കോളേജിനെ ലക്ഷ്യമാക്കി പറന്ന ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ 14പേരും ദാരുണമായി മരണപ്പെട്ടു.