അട്ടപ്പാടി : ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അടുക്കള പദ്ധതി തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹരായ ആദിവാസികളെ കണ്ടെത്തി വനഭൂമി നല്‍കും. ആദിവാസികള്‍ക്ക് കൂട്ടമായി താമസിക്കാന്‍ സൗകര്യം ഒരുക്കുമെന്നും കൃഷിസ്ഥലം വേറെയും നല്‍കുമെന്നും മുഖ്യമന്ത്രി അട്ടപ്പാടിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹിക അടുക്കള പദ്ധതി തടസമില്ലാതെ തുടരും. ആദിവാസികള്‍ക്ക് 200 ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കായി കെയര്‍ ഹോം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ സപ്ലൈക്കോയെ ചുമതലപ്പെടുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇതിനിടെ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
പലരും പലതും പറഞ്ഞുപരത്താൻ ശ്രമിക്കുമെന്നും അതു കാര്യമാക്കേണ്ടെന്നും മധുവിന്റെ അമ്മ മല്ലിയോട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വേണ്ട നടപടികളെല്ലാം ചെയ്യുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി. സമൂഹമാധ്യമങ്ങളിൽ മധുവിനെക്കുറിച്ചു മോശമായതു പ്രചരിപ്പിക്കുന്നവെന്നു കുടുംബം പരാതിപ്പെട്ടു. ഇതിനാവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മധുവിന്റെ കൊലപാതകത്തില്‍ പൊലീസിനും വനം വകുപ്പിനും വീഴ്ച പറ്റിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.