ഇത് രണ്ടാം ജന്മം, ട്രെയിനില്‍ നിന്നും വീണ ലതാ മഹേശ്വരിയെ ആര്‍പിഎഫ് രക്ഷപെടുത്തി

മുംബൈ: രാജസ്ഥാന്‍ സ്വദേശിയായ ലതാ മഹേശ്വരിക്ക്(55) ഇത് രണ്ടാം ജന്മം.

ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ ലതാ മഹേശ്വരിയെ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ആണ് ജീവിതത്തിലേക്ക് വലിച്ചെടുത്തത്.

വെള്ളിയാഴ്ച രാത്രി മുംബൈ സോപോര റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം.

രാത്രി 9.15 ന് ലതാ മഹേശ്വരിയും മകളും ബോരിവ്‌ലിയിലെ വീട്ടിലേക്ക് പോകാനെത്തിയതായിരുന്നു. ചര്‍ച്ച്‌ഗേറ്റിനുള്ള ട്രെയിന്‍ ഈ സമയം നീങ്ങിത്തുടങ്ങി. മഹേശ്വരിയുടെ മകള്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ചാടിക്കയറി. എന്നാല്‍ സാരി ധരിച്ചിരുന്ന മഹേശ്വരി ട്രെയിനിന്റെ ചവിട്ടുപടിയിലെ കമ്പിയില്‍ പിടിച്ചെങ്കിലും നിലതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ വീണു. ഇതിനിടെ വേഗം കൈവരിച്ച ട്രെയിന്‍ ഇവരെ വലിച്ചിഴിച്ച് നീങ്ങി. 20 അടിയോളം ട്രെയിന്‍ മഹേശ്വരിയെ വലിച്ചിഴച്ചു.

ഈ സമയം പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍കുമാര്‍ റായ് ഓടിയെത്തി മഹേശ്വരിയുടെ കൈയില്‍ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെടുത്തു. ചെറിയ പരിക്കുകളോടെ മഹേശ്വരി അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി.

Top