റിയോ: കോപ്പ അമേരിക്ക ഫുട്ബോളിനുള്ള 24 അംഗ ബ്രസീല്‍ ടീമിനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച ടീമില്‍ നിന്ന് ഒരു വ്യത്യാസം മാത്രമാണ് സ്‌ക്വാഡിലുള്ളത്. ഫ്‌ലെമംഗോയുടെ റോഡ്രിഗോ പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ ഉള്‍പ്പെടുത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സില്‍വ കളിച്ചിരുന്നില്ല.
പരിക്കുമൂലം കഴിഞ്ഞ കോപ്പ വിജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ വന്ന സൂപ്പര്‍താരം നെയ്മറാണ് ഇത്തവണ ബ്രസീല്‍ ആക്രമണം നയിക്കുക.കഴിഞ്ഞ തവണ കിരീടത്തിലേക്ക് നയിച്ച വെറ്ററന്‍ താരം ഡാനി ആല്‍വസിനെയും ഫിലിപെ കുടീഞ്ഞോയേയും പരിക്കുമൂലം ടിറ്റെ പരിഗണിച്ചില്ല. ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജീസസ്, മാര്‍ക്വീഞ്ഞോസ്, കാസിമിറോ, അലിസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്.
വെനസ്വേലക്ക് എതിരെ തിങ്കളാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 2.30നാണ് ബ്രസീലിന്റെ ആദ്യ മത്സരം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. ഗ്രൂപ്പ് എയില്‍ കൊളംബിയ, ഇക്വഡോര്‍, പെറു എന്നിവരും ബ്രസീലിനൊപ്പമുണ്ട്.
കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബ്രസീലിയന്‍ താരങ്ങള്‍ പിന്‍മാറിയിട്ടുണ്ട്. കോണ്‍മബോളിനെ രൂക്ഷമായി വിമര്‍ശിച്ച താരങ്ങള്‍, സംഘാടകരോടുള്ള വിയോജിപ്പോടെ കോപ്പയില്‍ കളിക്കുമെന്ന് വ്യക്തമാക്കി. ആദ്യംവേദിയായി തീരുമാനിച്ചിരുന്നഅര്‍ജന്റീനയിലേതിന് സമാനമായി കൊവിഡ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ബ്രസീലില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിലാണ് താരങ്ങള്‍ക്ക് എതിര്‍പ്പ്. അതേസമയം കോപ്പ അമേരിക്ക നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ബ്രസീലിയന്‍ സുപ്രീം കോടതി ഉടന്‍ വിധി പറയും.