കോപ്പ അമേരിക്ക; ബ്രസീല്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും

റിയോ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും. ഇക്വഡോറാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ വെനസ്വേല, പെറുവിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കാണ് രണ്ട് മത്സരങ്ങളും തുടങ്ങുക.

ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ് ബ്രസീല്‍. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ചു ടിറ്റെയുടെ സംഘം. അതേസമയം ഒറ്റ ജയം പോലുമില്ലാതെയാണ് ഇക്വഡോര്‍ വരുന്നത്. മൂന്ന് കളിയില്‍ ഒന്‍പത് ഗോളുമായി കാനറികള്‍ മുന്നേറുമ്പോള്‍ ഇതുവരെ വഴങ്ങിയത് ഒറ്റ ഗോള്‍ മാത്രം. ഡഗ്ലസ് ലൂയിസ് ഒഴികെ ടീമിലെ എല്ലാ കളിക്കാര്‍ക്കും കോച്ച് ടിറ്റെ അവസരം നല്‍കിക്കഴിഞ്ഞു.

അലിസണ്‍ ബെക്കര്‍ ഗോള്‍കീപ്പറായി തിരിച്ചെത്തുമ്പോള്‍ പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും മാറ്റം ഉറപ്പ്. ഫ്രെഡിന് പകരം ഡഗ്ലസ് ലൂയിസ് ടീമിലെത്തും. നെയ്മറിനും റിച്ചാര്‍ലിസനുമൊപ്പം മുന്നേറ്റത്തില്‍ ഫിര്‍മിനോയും ആദ്യ ഇലവനിലെത്താനാണ് സാധ്യത. രണ്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ നെയ്മര്‍ തന്നെയാവും ശ്രദ്ധാകേന്ദ്രം.

 

Top