റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊളംബിയ. 42-ാം മിനിറ്റില്‍ എഡ്വിന്‍ കാര്‍ഡോനയുടെ അസാധാരണ സെറ്റ് പീസ് ഗോളാണ് കൊളംബിയക്ക് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ വിജയം സമ്മാനിച്ചത്.
കോപ്പയിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് കാര്‍ഡാന കൊളംബിയക്കെതിരെ നേടിയ ഫ്രീ കിക്ക് ഗോള്‍. ഫ്രീ കിക്ക് എടുത്തതും ഗോളടിച്ചതും കാര്‍ഡോന ആയിരുന്നു എന്നാണ് ഈ സെറ്റ് പീസ് ഗോളിനെ വ്യത്യസ്തമാക്കുന്നകത്.
42-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ട് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് എടുത്തത് കാര്‍ഡഡോന ആയിരുന്നു. പന്ത് പോസ്റ്റിലേക്ക് നീട്ടിയടിക്കാതെ തൊട്ടടുത്തു നിന്ന് താരത്തിന് പാസ് ചെയ്തു. ബോക്‌സിലേക്ക് ഓടിക്കയറുന്നതിനിടെ ഒരുവട്ടം കൂടി പന്ത് കാലിലെത്തിയ കാര്‍ഡോന വീണ്ടും സഹതാരത്തിന് പാസ് ചെയ്തശേഷം ബോക്‌സിനകത്തേക്ക് ഓടിക്കയറി.
ബോക്‌സിലേക്കുള്ള ഓട്ടത്തിനിടയില്‍ കാല്‍പ്പാകത്തില്‍ തൊട്ടു മുമ്പില്‍ വന്നുവീണ പാസ് മനോഹരമായി ഫിനിഷ് ചെയ്ത് കാര്‍ഡോന കൊളംബിയയെ മുന്നിലെത്തിച്ചു. ഓഫ് സൈഡ് വിധിച്ച റഫറി ആദ്യം ഗോളനുവദിച്ചില്ലെങ്കിലും വാര്‍ പരിശോധനയിലൂടെ പിന്നീട് ഗോള്‍ അനുവദിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആസൂത്രിതമായി കളിച്ചത് ഇക്വഡോറായിരുന്നെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഓരോ ജയവുമായി ബ്രസീലിനും കൊളംബിയക്കും മൂന്ന് പോയന്റ് വീതമായി.