കോപ അമേരിക്ക മത്സരക്രമമായി; നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്

റിയോ ഡെ ജനീറോ: 2024ലെ കോപ്പ അമേരിക്ക ഫുട്ബാള്‍ ആരവങ്ങള്‍ക്ക് അരങ്ങൊരുങ്ങി. ഗ്രൂപ്പുകള്‍ തിരിച്ചുള്ള മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, പെറു, ചിലി എന്നിവര്‍ക്കൊപ്പം പ്ലേ ഓഫ് വിജയികളായെത്തുന്ന കാനഡയോ ട്രിനിഡാഡ് ടുബാക്കോയോ ഇടം നേടും.

ഗ്രൂപ്പ് ബി യില്‍ മെക്‌സിക്കോ, ഇക്വഡോര്‍, വെനിസ്വല, ജമൈക്ക എന്നിവരും ഗ്രൂപ്പ് സി യു.എസ്.എ, യുറുഗ്വായ്, പനാമ, ബോളീവിയ എന്നിവരുമാണ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍, കൂടെ കൊളംബിയ, പരാഗ്വെ, പ്ലേ ഓഫ് വിജയികളായെത്തുന്ന ഹോണ്ടുറാസോ അല്ലെങ്കില്‍ കോസ്റ്റാറിക്കയോ ഇടം നേടും.

യു.എസിലെ അറ്റ്ലാന്റയില്‍ ജൂണ്‍ 20നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ കാനഡ/ ട്രിനിഡാഡ് ടുബാക്കോയോ ഏറ്റുമുട്ടും. ജൂണ്‍ 24നാണ് ബ്രസീലിന്റെ ആദ്യ മത്സരം. പ്ലേ ഓഫ് വിജയികളായെത്തുന്ന പരാഗ്വെയോ ഹോണ്ടുറാസോ ആണ് എതിരാളികള്‍. ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഫൈനല്‍ വരെ ഉണ്ടാകില്ല. പരസ്പരം നേര്‍ക്ക് നേര്‍വരാത്തക്ക രീതിയിലാണ് മത്സരക്രമം മുന്നോട്ടുപോകുന്നത്.

ജൂലൈ രണ്ടു വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. എ ഗ്രൂപ്പ് വിജയികളും ബി ഗ്രൂപ്പ് റണ്ണറപ്പുകളുമാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് ബി വിജയികള്‍ ഗ്രൂപ്പ് എയിലെ റണ്ണറപ്പുകളെയും ഗ്രൂപ്പ് സി വിജയികള്‍ ഗ്രൂപ്പ് ഡി റണ്ണറപ്പുകളെയും ഗ്രൂപ്പ് ഡി വിജയികള്‍ ഗ്രൂപ്പ് സി റണ്ണറപ്പുകളെയും നേരിടും.

ഒന്നാം ക്വാര്‍ട്ടറിലെ വിജയികളും രണ്ടാം ക്വാര്‍ട്ടറിലെ വിജയികളുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് എയിലുള്ള അര്‍ജന്റീനയും ഗ്രൂപ്പ് ഡിയിലുള്ള ബ്രസീലും തമ്മില്‍ ഫൈനല്‍ വരെ നേര്‍ക്കുനേര്‍ വരില്ല എന്നതാണ് മത്സര ക്രമം സൂചിപ്പിക്കുന്നത്. ജൂലൈ 24 ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.

ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് യു.എസ് വേദിയാകുന്നത്. 2016ലാണ് ആദ്യമായി അമേരിക്ക കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇരു വന്‍കരകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയെ വേദിയായി തെരഞ്ഞെടുത്തത്. അര്‍ജന്റീന, ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന പത്തു ടീമുകളും കോണ്‍കാഫ് മേഖലയില്‍ നിന്ന് ആറ് രാജ്യങ്ങളുമാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.

Top