ബോസ്റ്റണ്‍: കോപ്പ അമേരിക്കയിലെ നിര്‍ണായക മത്സരത്തില്‍ പാനമയ്‌ക്കെതിരെ കരുത്തരായ അര്‍ജന്റീനയ്ക്ക് ജയം. പരുക്കില്‍ നിന്നും ഭേദനായി തിരിച്ചെത്തിയ മെസ്സിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ വിജയം. ആദ്യ പകുതിയില്‍ മെസ്സിയുടെ അഭാവത്തില്‍ കളിച്ച അര്‍ജന്റീനയുടെ കിതപ്പിന് മെസ്സിയുടെ വരവോടെ ഊര്‍ജം ലഭിച്ചു. നിക്കോളാസ് ഓട്ടമെന്റിയിലൂടെയാണ് അര്‍ജന്റീനിയ ആദ്യഗോള്‍ ആഘോഷിച്ചത്.
പിന്നീട് വലകുലുങ്ങാന്‍ മെസ്സിയുടെ വരവ് വരെ അര്‍ജന്റീനയ്ക്ക് കാക്കേണ്ടി വന്നു. അറുപതാം മിനുറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിനെ പിന്‍വലിച്ച് കളത്തിലെത്തിയ മെസ്സി 68ആം മിനുറ്റില്‍ തന്റെ ആദ്യ ഗോള്‍ നേടി. പ്രതിരോധത്തിലൂന്നി കളിച്ച പാനമയ്ക്ക് 78ആം മിനുറ്റിലും താളം തെറ്റി. പാനമയുടെ ഡിഫന്‍ഡര്‍ മില്ലര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവെ പന്ത് ഹിഗ്വെയ്ന്‍ കൈയില്‍ തട്ടി മെസ്സിയുടെ അടുത്തെത്തുകയായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലളിതമായ ഷോട്ടിലൂടെ മെസ്സി ലക്ഷ്യം കണ്ടു.
87ആം മിനുറ്റില്‍ മാര്‍ക്കോസ് റോജ നല്‍കിയ പന്ത് മൂന്ന് ഡിഫന്‍ഡേഴ്‌സിനെ മറികടന്ന് മെസ്സി ലക്ഷ്യത്തിലെത്തിച്ച് തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. മിനുറ്റുകള്‍ക്കകം അഗ്യൂറോയുടെ ഹെഡിലൂടെ അഞ്ചാം ഗോളും പിറന്ന് അര്‍ജന്റീനയുടെ ഗോള്‍ നിര പൂര്‍ത്തിയാക്കി. മെസ്സി ഉയര്‍ത്തി അടിച്ചു നല്‍കിയ പന്ത് മാര്‍ക്കോസ് റോജോ അഗ്യൂറോക്ക് നല്‍കുകയായിരുന്നു. അഗ്യൂറോ അത് കൃത്യമായി ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ചു. പാനമയ്‌ക്കെതിരായ ജയത്തോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.