ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് കോപ അമേരിക്ക ടൂര്‍ണമെന്റിന് നാളെ ലാറ്റിനമേരിക്കയില്‍ തുടക്കമാകും. ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തോടെയാണ് നാളെ മത്സരം ആരംഭിക്കുക. നാളെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 7വരെ നീണ്ട് നല്‍കും.
ഇത്തവണത്തെ കോപ അമേരിക്കയില്‍ 12 ടീമുകളാണ് പങ്കെടുക്കുക.മൂന്ന് ഗ്രൂപ്പുകള്‍ ആയാകും പോരാട്ടം. ആതിഥേയരായ ബ്രസീലിന്റെ ഗ്രൂപ്പ് എയില്‍ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന, കൊളംബിയ, പരാഗ്വേ, ഖത്തര്‍ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയില്‍ ഉറുഗ്വേ, ചിലി, ജപ്പാന്‍, ഇക്വഡോര്‍ എന്നിവരാണ് ഉള്ളത്. ഇത്തവണത്തെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.
പരിക്ക് കാരണം മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന നെയ്മറിന്റെ അഭാവം ബ്രസീലിന് വലിയ തിരിച്ചടിയാകും. കൗട്ടീനോ ഫര്‍മീനോ ജീസുസ് എന്നിവരൊക്കെ ആണ് ഇത്തവണ ബ്രസീലിന്റെ പ്രതീക്ഷ.
പുറത്ത് നിന്നുള്ള രണ്ട് ടീമുകളായി ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയില്‍ ഇത്തവണ ഉള്ളത്. ജപ്പാന്റെ ഇത് രണ്ടാമത്തെ കോപ അമേരിക്ക ടൂര്‍ണമെന്റാണ്. യുവ ടീമുമായാണ് ജപ്പാന്‍ എത്തിയിരിക്കുന്നത്. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഖത്തറിന് കോപയിലേക്ക് ക്ഷണം ലഭിച്ചത്. ഏഷ്യന്‍ കപ്പിലെ പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍.