രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 14 ആയി

തിരുവനന്തപുരം: കേരളത്തില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയി. കൊച്ചിയില്‍ രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്ന് കൂടുതല്‍ പേരിലേക്കു രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

കൂടുതല്‍ പേരിലേക്കു രോഗം പകരാന്‍ സാധ്യതയുണ്ട്. പ്രതിരോധ പ്രവര്‍ത്തനം ശക്തമായിത്തന്നെ നടക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയിലുള്ളത് 259 പേര്‍. 980 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 815 എണ്ണം നെഗറ്റീവാണ്. സാംപിള്‍ പരിശോധനയ്ക്ക് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കി. വിദേശത്തുനിന്നെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ ലാബുകള്‍ അനുവദിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അവധി നല്‍കുന്നതോടെ സ്‌കൂളുകളിലേക്കു വിദ്യാര്‍ഥികള്‍ എത്തുന്നതു തടയാന്‍ സാധിക്കും. ആരോഗ്യമേഖലയിലെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

Top