രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയി; പരിഭ്രാന്തരാകേണ്ടെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 30 ആയി. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന് രാജ്യസഭയില്‍ പറഞ്ഞു.

കൂടാതെ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ബുധനാഴ്ച 29 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.
ഗുരുഗ്രാമിലെ പേടിഎം ജീവനക്കാരനാണ് ഇന്നലെ അവസാനമായി രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്ത്യയിലെത്തിയ 16 ഇറ്റാലിയന്‍ വിനോദ സഞ്ചാരികളില്‍ വൈറസ് സ്ഥിരീകരിച്ചതാണു രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം. ഇതിനു പുറമെ വിദേശരാജ്യങ്ങളിലുള്ള 17 ഇന്ത്യക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം രാജ്യത്ത് കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും. ഇതിനിടെ ജയ്പൂരില്‍ രോഗം ബാധിച്ച ഇറ്റാലിയന്‍ പൗരനെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കും അയാള്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊറോണ ബാധ ഇല്ലെന്ന് പരിശോധന ഫലം പുറത്ത് വന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.

Top