കൊറോണയില്‍ ജാഗ്രത ! രോഗ ലക്ഷണങ്ങളുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലക്ക് വരരുത്: കെകെ ശൈലജ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി.

വലിയ് ജന സമൂഹം തന്നെ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ചുമയും പനിയും ഉള്ളവര്‍ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശികളെ പ്രത്യേകം നിരീക്ഷിക്കുമെന്നും വിദേശരാജ്യങ്ങളില്‍ നിന്ന് എത്തി ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാന്‍ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 18 ആംബുലന്‍സ് ബൈക്ക് അംബുലന്‍സുകള്‍, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാര്‍ഡുകളില്‍ പ്രത്യേക സംഘങ്ങള്‍ വീടുകള്‍ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സുമെന്റുകള്‍ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തില്‍ ഭക്തര്‍ പിടിക്കുന്ന സ്ഥലങ്ങള്‍ അരമണിക്കൂര്‍ ഇടപെട്ട് അണുവിമുക്തമാക്കും.

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുന്‍കരുതലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സര്‍ക്കാരിനെ ഉറപ്പായും അറിയിക്കണം. ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ കുറ്റമായി കണക്കാക്കും. വൈറസിനെതിരേ സമൂഹവും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

Top