ദയവായി അങ്ങനെ പറയരുത്; വൈറസിനെ സൃഷ്ടിച്ചത് ഞങ്ങളല്ല! തിരുത്തി ചൈന

ന്യൂഡല്‍ഹി: കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രംഗത്തെത്തി ചൈന. വൈറസ് സൃഷ്ടിക്കുകയോ മനഃപൂര്‍വം പരത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും വൈറസിന്റെ പേരില്‍ ചൈനയെ മുദ്രകുത്താതെ മഹാമാരിക്കെതിരെ പോരാടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കും. ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ട്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. അതിന് ഞങ്ങള്‍ നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണവൈറസിനെ ചൈനയുമായും വുഹാനുമായും ചേര്‍ത്ത് പറയരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.

വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവര്‍ കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് അത്തരത്തില്‍ വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിരുന്നു.

Top