ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49-കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 171ആയി. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47ആയി. രോഗബാധിതരുടെ കാര്യത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. 27 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകയുള്ള ആശ്വാസം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ മുന്‍കരുതലുകള്‍ വിലയിരുത്തിയിരുന്നു.
അതേസമയം, വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 255 പേരും ഇറാനിലാണ്. യുഎഇ 12, ഇറ്റലി 5, കുവൈത്ത്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോങ് 1 വീതം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍.
ലോകമാകെ മരണസംഖ്യ ഒന്‍പതിനായിരത്തോട് അടുക്കുന്നു. 8944 പേരാണ് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. 2978 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇറാന്‍ 1135 പേരും, സ്‌പെയിന്‍ 638 പേരുമാണ് മരിച്ചത്.