സഭയില്‍ ടീച്ചറും കുട്ടികളുമല്ല, മന്ത്രിയും എംഎല്‍എമാരുമാണ്, പറയുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല!

തിരുവനന്തപുരം: നിയമസഭയില്‍ ടീച്ചറും കുട്ടികളുമില്ല, മന്ത്രിയും എംഎല്‍എമാരുമാണെന്ന് തുറന്നടിച്ച് മുനീര്‍ രംഗത്ത്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയെ ‘മീഡിയ മാനിയ’ എന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവിനോട് വൈകാരികമായി പ്രതികരിച്ച ആരോഗ്യമന്ത്രിയ്ക്കുള്ള മറുപടിയാണ് മുനീര്‍ നല്‍കിയത്. കൊറോണയെ കുറിച്ച് നിയമസഭയില്‍ പ്രത്യേക ചര്‍ച്ച നടത്തുന്നതിനിടെയാണ് മുനീറിന്റെ പ്രതികരണം.

അതേസമയം, പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്ക് എതിരല്ലെന്നും വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുതെന്നും മുനീര്‍ പറഞ്ഞു. ഒറ്റപ്പെട്ടു വീട്ടില്‍ ഇരിക്കേണ്ടി വന്നാലും സംശയങ്ങള്‍ ഉന്നയിക്കുമെന്നും മുനീര്‍ വ്യക്തമാക്കി.

മാത്രമല്ല ‘ആരോഗ്യവകുപ്പിനോ മന്ത്രിക്കോ മാത്രമായി ഒന്നും ചെയ്യാനില്ല, അതിന് രാഷ്ട്രീയ നേതൃത്വവും ജനങ്ങളും വേണം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ് പ്രതിപക്ഷം നിര്‍വ്വഹിക്കുന്നത്. അപ്പോള്‍ അതിനെ ദോഷൈകദൃക്കെന്നും ചീപ്പെന്നും പറയുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്’ – മുനീര്‍ പറഞ്ഞു.

‘ഇപ്പോഴിത് പറഞ്ഞാല്‍ സൈബര്‍ പോരാളികള്‍ വരും. ഞങ്ങളുടെ തന്നെ അനുയായികള്‍ ചോദിക്കും ഈ സമയത്ത് ഇത് പറയണമായിരുന്നോ എന്ന്. മാധ്യമങ്ങളും പറയും. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് ഒറ്റപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നാലും മനസ്സാക്ഷിയോട് നീതി പുലര്‍ത്തിയെന്ന് പറയാന്‍ ഞാന്‍ പറയേണ്ടത് പറയും. മന്ത്രി മനസിലാക്കണം. ആരെയും എതിര്‍ക്കാനോ പരിഭവം പറയാനോ അല്ല. ഇവിടെ ടീച്ചറും കുട്ടികളുമല്ല, മന്ത്രിയും എംഎല്‍എമാരുമാണ്. എന്തെങ്കിലും വിഷമം തോന്നിയാല്‍ ക്ഷമിക്കുക എന്ന് ആദ്യമേ പറയുന്നു’ – മുനീര്‍ പറഞ്ഞു.

‘ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു , അതു ഒഴിവാക്കണം. ആരോഗ്യമന്ത്രി ഇമേജ്ബില്‍ഡിങ് നടത്തുന്നു’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന, കൂടാതെ ഒരു ദിവസം ഒരുപാട് വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Top