കൊറോണ; തൃശ്ശൂര്‍ സ്വദേശി മാളിലും, ചടങ്ങുകളിലും പോയിരുന്നു, റൂട്ട് മാപ്പ് തയ്യാറാക്കും

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ നില തൃപ്തികരമെന്ന് ഡിഎംഒ. കഴിഞ്ഞ മൂന്നു ദിവസമായി രോഗി ചുമയ്ക്കുകയോ അയാളില്‍ പനിയോ ജലദോഷമോ ഇല്ലെന്നും ഡിഎംഒ അറിയിച്ചു. അതേസമയം, രോഗി എവിടെയൊക്കെ പോയി, ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്നീ വിവരങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രുവരി 29-നാണ് ഇയാള്‍ കൊച്ചിയില്‍ വിമാനമിറങ്ങി തൃശ്ശൂരില്‍ എത്തുന്നത്. പത്തനംതിട്ടയിലെ വൈറസ് ബാധിച്ച കുടുംബം സഞ്ചരിച്ച അതേവിമാനത്തിലാണ് ഇയാളും നാട്ടിലെത്തയത്. തുടര്‍ന്ന് ആ കുടുംബത്തിന് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ അധികൃതര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. അങ്ങനെ 11തൃശ്ശൂര്‍ സ്വദേശികളുടെ വിവരങ്ങള്‍ കണ്ടെത്തി.

ഈ കൂട്ടത്തില്‍ ഉണ്ടായിരുന്ന 21 വയസുള്ള യുവാവിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. നാട്ടിലെത്തിയ ആറ് ദിവസത്തില്‍ പല പൊതുസ്ഥലങ്ങളിലും പരിപാടികളിലും യുവാവ് പോയിട്ടുണ്ട്. തൃശ്ശൂരിലെ ഒരു ഷോപ്പിംഗ് മാളില്‍ പോയ യുവാവ് അവിടെ സിനിമ കാണുകയും, പിന്നീടൊരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് പതിനൊന്ന് മണിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് ഏഴ് വരെ യുവാവ് പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തു വിടും.

Top