അഴിമതി പുറത്തായപ്പോള്‍ ഐടി സെക്രട്ടറിയെ കുറ്റക്കാരനാക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതി പുറത്തായപ്പോള്‍ കുറ്റക്കാരന്‍ ഐടി സെക്രട്ടറി മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും അറിഞ്ഞു കൊണ്ടുള്ള വലിയ ഇടപാടാണിതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു കൊണ്ടാണ് സ്പ്രിംക്ലര്‍ കമ്പനിയുമായി ഐടി സെക്രട്ടറി ഒപ്പുവച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനം ആശങ്കയിലായിരിക്കുമ്പോഴും വഴിവിട്ട ഇടപാടിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുകയാണ് ഉണ്ടായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം സിപിഎമ്മിനും ഈ ഇടപാടില്‍ പങ്കുണ്ട്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. മന്ത്രിസഭയോ മറ്റ് വകുപ്പുകളോ ഘടകകക്ഷികളോ ഈ കരാറിനെ കുറിച്ച് അറിഞ്ഞിട്ടില്ല. നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികളും കരാര്‍ ഒപ്പിടുന്നതിന് മുമ്പ് സ്വീകരിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയാതീതമായി ജനങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അത് മറയാക്കി അഴിമതി നടത്തുകയാണുണ്ടായത്. ആരോപണങ്ങള്‍ക്ക് മതിയായ മറുപടി പോലും നല്‍കാന്‍ മുഖ്യമന്ത്രിക്കായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Top