ബെയ്ജിങ്: കൊവിഡ് 19 ബാധിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 2,118 ആയി. ഇന്നലെ മാത്രം പ്രദേശത്ത് 115 പേര്‍ മരിച്ചു. 411 പേര്‍ക്ക് പുതുതായി രോഗ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചൈനീസ് ആരോഗ്യസംഘടന ഇതു പ്രകാരമുള്ള കണക്കുകളൊന്നും പുറത്തു വിട്ടിട്ടില്ല. ലോകത്തെ മറ്റു ഭാഗങ്ങളിലായി, ചൈനക്ക് പുറത്ത് എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നുണ്ടായ രോഗബാധ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ നിരോധിച്ചു. വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്നും മൂന്നു ദിവസം കൂടുമ്പോള്‍ ഓരോ വീട്ടില്‍നിന്ന് ഓരോരുത്തര്‍ക്ക് അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.