കൊന്നൊടുക്കി കൊറോണ; ചൈനയില്‍ മരണം 492, കൊറോണ ബാധിതര്‍ 24,324

ഹുബേയ്: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 492 പേര്‍ മരിച്ചതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. പുതിയതായി 65 പേര്‍കൂടി ഹുബേയ് പ്രവിശ്യയില്‍ മരിച്ചതോടെയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 24,324 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം വൈറസ് സ്ഥിരീകരിച്ചത് 3884 പേര്‍ക്കാണ്.

ചൈനയിലെ വുഹാനില്‍ ഡിസംബറിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നത്. പിന്നീടിത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോള്‍ നിയന്ത്രണാധീതമായി പടരുന്ന വൈറസിനെ തടയാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. ചൈനയ്ക്ക് പുറത്ത് ഇതുവരെ 2 പേരാണ് കൊറോണ ബാധ മൂലം മരിച്ചത്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും മരണം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലുള്ള 273 പേരുടെ രക്ത സാംപിളുകള്‍ പരിശോധിച്ചതിലാണ് 10 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണു കപ്പല്‍ നിരീക്ഷണത്തിലാക്കിയത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലേക്ക് നിരവധി രാജ്യങ്ങള്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

Top